ബോക്സിങ് ലോകത്തെ ഏറ്റവും വലിയ വാഗ്ദാനങ്ങളിലൊരാളായി കണക്കാക്കപ്പെട്ടിരുന്ന പ്യൂർട്ടോറിക്കൻ ബോക്സർ പ്രിച്ചാർഡ് കൊളൻ (33) അന്തരിച്ചു. 11 വർഷം മുൻപ് ടെറൽ വില്യംസിനെതിരായ മത്സരത്തിനിടെ തലച്ചോറിനേറ്റ ഗുരുതരമായ പരുക്കിനെത്തുടർന്ന് ചികിത്സയിലായിരുന്നു. കൊളന്റെ പിതാവ് റിച്ചാർഡ് കൊളനാണ് സമൂഹമാധ്യമങ്ങളിലൂടെ മകന്റെ മരണം സ്ഥിരീകരിച്ചത്.
1992 സെപ്റ്റംബർ 19ന് ജനിച്ച കോളൻ, 2010ലെ പാൻ അമേരിക്കൻ യൂത്ത് ചാംപ്യൻഷിപ്പിൽ സ്വർണം നേടി ശ്രദ്ധേയനായി. ജീവിതം മാറ്റിമറിച്ച ആ മത്സരത്തിനു മുൻപ്, 13 നോക്കൗട്ടുകളടക്കം 16 വിജയങ്ങളുമായി അപരാജിതനായി മുന്നേറുകയായിരുന്നു. അമച്വര്‍ ബോക്സിങ്ങില്‍ നിന്ന് 2014ല്‍ പ്രഫഷണല്‍ ബോക്സിങ്ങ് റിങ്ങിലേയ്ക്ക് എത്തി.
2015 ഒക്ടോബർ 17ന് വിർജീനിയയിലെ ഫെയർഫാക്സിലുള്ള ഈഗിൾബാങ്ക് അരീനയിൽ, അന്ന് അപരാജിതനായിരുന്ന അമേരിക്കൻ ബോക്സർ ടെറൽ വില്യംസിനെയാണ് 23 വയസ്സുകാരനായ കൊളൻ നേരിട്ടത്. മത്സരത്തിനിടെ തലയുടെ പിന്നിൽ ഇടിക്കുന്നതായി കൊളൻ പരാതിപ്പെട്ടിരുന്നു. ബോക്സിങ്ങിൽ റാബിറ്റ് പഞ്ച് എന്നറിയപ്പെടുന്ന ഇത്തരം പ്രഹരങ്ങൾ, നാഡീസംബന്ധമായ ഗുരുതര പരുക്കേൽക്കാൻ സാധ്യതയുള്ളതിനാൽ നിയമവിരുദ്ധമാണ്. ഇത്തരമൊരു പ്രഹരത്തിന് റഫറി വില്യംസിന്റെ ഒരു പോയിന്‍റ് കുറയ്ക്കുകയും ചെയ്തിരുന്നു.
മത്സരം ഒൻപതാം റൗണ്ടിലേക്ക് കടന്നപ്പോൾ കൊളൻ രണ്ടുതവണ ഇടികൊണ്ട് വീണു. ഒൻപതാം റൗണ്ട് അവസാനത്തേതാണെന്ന് അദ്ദേഹത്തിന്റെ പരിശീലക സംഘം തെറ്റിദ്ധരിച്ച് കയ്യുറകൾ അഴിച്ചുമാറ്റാൻ തുടങ്ങി. ഒരു റൗണ്ട് കൂടി ശേഷിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് വീണ്ടും ഗ്ലൗസ് ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും റഫറി കോളനെ അയോഗ്യനാക്കി.
റിങ് വിട്ട് ഡ്രസിങ് റൂമിലെത്തിയ കൊളന്റെ നില അതിവേഗം വഷളായി. തലകറക്കവും ഛർദിയുമുണ്ടായ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. തലച്ചോറിന് ഗുരുതരമായ പരുക്കും സബ്ഡ്യൂറൽ ഹെമറ്റോമയും (തലച്ചോറിനും അതിന്റെ ആവരണത്തിനും ഇടയിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ) ഡോക്ടർമാർ സ്ഥിരീകരിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
221 ദിവസമാണ് കോളൻ കോമയിൽ കഴിഞ്ഞത്. കോമയിൽനിന്ന് ഉണർന്നെങ്കിലും ഗുരുതരമായ ശാരീരിക, നാഡീസംബന്ധമായ വൈകല്യങ്ങൾ അദ്ദേഹത്തെ അലട്ടി. നിരന്തരമായ പരിചരണവും വിപുലമായ പുനരധിവാസവും ആവശ്യമായി വന്നു. മാതാപിതാക്കളായ റിച്ചാർഡ് കൊളനും നീവ്സ് മെലൻഡസും അദ്ദേഹത്തിന്റെ ദീർഘകാല പരിചരണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചു. പിന്നീട്, വേൾഡ് ബോക്സിങ് കൗൺസിൽ കൊളനെ ഓണററി ചാംപ്യനായി പ്രഖ്യാപിച്ച് ആദരിച്ചു. അദ്ദേഹവും കുടുംബവും കാണിച്ച അസാധാരണമായ ധൈര്യവും പോരാട്ടവീര്യവും അംഗീകരിച്ചായിരുന്നു ചാംപ്യന്‍ പട്ടം നല്‍കിയത്. തലയുടെ പിന്നിൽ നിയമവിരുദ്ധമായി ഇടിക്കുന്നതിനെതിരെ കർശനമായ നടപടിയെടുക്കാനും ജാഗ്രത പുലർത്താനും ആഹ്വാനം ചെയ്യുന്ന 'പ്രിച്ചാർഡ് കോളൻ നിയമം' 2016ൽ ഡബ്ല്യുബിസി അവതരിപ്പിച്ചു.