പെരുമ്പാവൂർ ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠം കോളേജിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ക്രിക്കറ്റ് സെന്റർ ഒരുങ്ങുന്നു. ശ്രീശങ്കര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കോളേജിന്റെ 11 ഏക്കറോളം വരുന്ന സ്ഥലത്താണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടും അനുബന്ധ പരിശീലന സൗകര്യങ്ങളും ഉൾപ്പെടുന്ന സെന്റർ നിർമ്മിക്കുന്നത്.
സ്ഥലം ഏറ്റെടുത്ത് രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ലക്ഷ്യം. ഭാവിയിൽ സംസ്ഥാന ക്രിക്കറ്റിന്റെ പരിശീലനത്തിനും പ്രതിഭകളെ വളർത്തിയെടുക്കുന്നതിനുമുള്ള പ്രധാന കേന്ദ്രമായി ഈ പദ്ധതി മാറുമെന്നാണ് പ്രതീക്ഷ. പദ്ധതിയുമായി ബന്ധപ്പെട്ട പാട്ടക്കരാറിൽ ശ്രീ ശങ്കര ട്രസ്റ്റ് ചെയർമാൻ അഡ്വ. ശംഭു നമ്പൂതിരി വി., ട്രസ്റ്റ് മാനേജർ പ്രൊഫ. ഡോ. ഇ. കൃഷ്ണൻ നമ്പൂതിരി, കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ്. കുമാർ എന്നിവർ ഒപ്പുവെച്ചു. 33 വർഷത്തേക്കാണ് ശ്രീശങ്കര ട്രസ്റ്റ് കേരള ക്രിക്കറ്റ് അസോസിയേഷന് ഭൂമി പാട്ടത്തിന് നൽകിയിരിക്കുന്നത്.