രണ്ടാം സെറ്റിൽ അഞ്ച് മാച്ച് പോയിന്റുകൾ തുലച്ച് വിജയത്തിന് തൊട്ടരികിൽ കാലിടറിയെങ്കിലും, നാടകീയമായി തിരിച്ചുവന്ന ലിൻഡ നൊസ്കോവ വിംബിൾഡൺ വനിതാ സിംഗിൾസ് ചാംപ്യന്‍. ചെക്ക് താരങ്ങള്‍ ഏറ്റുമുട്ടിയ ഫൈനലില്‍ കരോലിന മുച്ചോവയെയാണ് തോല്‍പിച്ചത്. സ്കോർ: 6-2, 5-7, 6-3. 32 മിനിറ്റിനുള്ളിൽ ആദ്യ സെറ്റ് നേടിയ നൊസ്കോവ, രണ്ടാം സെറ്റിൽ 5-2ന് മുന്നിലെത്തിയിരുന്നു. തുടര്‍ന്ന് 7–5ന് സെറ്റ് കൈവിട്ടു. എന്നാൽ, മൂന്നാം സെറ്റിൽ എല്ലാ ആശങ്കകളെയും അതിജീവിച്ച നൊസ്കോവ മത്സരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ച് 5-2ന് മുന്നിലെത്തി.

29കാരിയായ മുച്ചോവ ഒരു ഗെയിം കൂടി നേടിയെങ്കിലും കിരീടത്തിനായി രണ്ടാം തവണ സർവ് ചെയ്യാനെത്തിയ നൊസ്കോവയ്ക്ക് പിഴച്ചില്ല. ഇതോടെ തന്റെ കന്നി ഗ്രാൻസ്‌ലാം കിരീടം താരം ഉറപ്പിച്ചു. ഫൈനലിൽ എതിരാളിയായിരുന്ന മുച്ചോവയ്ക്കൊപ്പം നൊസ്കോവ 2024 പാരിസ് ഒളിംപിക്സ് ഡബിള്‍സില്‍ മല്‍സരിച്ചിരുന്നു. 2023ൽ മർകേറ്റ വോൻഡ്രുസോവ, 2024ൽ ബാർബൊറ ക്രെസിക്കോവ എന്നിവർക്കു പിന്നാലെ, കഴിഞ്ഞ നാലു വർഷത്തിനിടെ പുൽക്കോർട്ടിലെ ഗ്രാന്‍സ്ലാം നേടുന്ന മൂന്നാമത്തെ ചെക്ക് താരമാണ് നൊസ്കോവ. ചെക്ക് ടെന്നിസിലെ ഇതിഹാസ താരങ്ങളുടെ സാന്നിധ്യത്തിലായിരുന്ന ഫൈനല്‍ പോരാട്ടം. മാർട്ടിന നവരത്തിലോവ, പെട്ര ക്വിറ്റോവ എന്നിവർ മത്സരം കാണാനെത്തിയിരുന്നു. കെയ്റ്റ് രാജകുമാരിയില്‍ നിന്നാണ് നൊസ്കോവ കിരീടം എറ്റുവാങ്ങിയത്. 

ഗ്രാന്‍സ്ലാം കരിയറിലെ ആദ്യ ഫൈനലില്‍ തന്നെ കിരീടം നേടുകയെന്ന അപൂര്‍വതയ്ക്കും 21കാരിയായ നൊസ്കോവ അവകാശിയായി. ജൂനിയര്‍ തലത്തില്‍ ലോകറാങ്കിങ്ങില്‍ അഞ്ചാം സ്ഥാനക്കാരിയായിരുന്നു നൊസ്കോവ.  2021ല്‍ പെണ്‍കുട്ടികളുടെ  ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടി.  പ്രഫഷണല്‍ റാങ്കിങ്ങില്‍ ആദ്യ നൂറ് സ്ഥാനത്തിനുള്ളില്‍ എത്തുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും നൊസ്കോവയുടെ പേരിലാണ്. പെട്ര ക്വിറ്റോവയ്ക്ക് ശേഷം വിമ്പിള്‍ഡന്‍ ജയിക്കുന്ന പ്രായം കുറഞ്ഞ താരമാണ് നൊസ്കോവ. 

ENGLISH SUMMARY:

Linda Fruhvirtova is the Wimbledon women's singles champion, achieving a maiden Grand Slam title in her debut final. She secured the victory after a dramatic comeback against Karolína Muchová, marking a significant achievement in Czech tennis history.