വിംബിള്‍ഡണില്‍ രണ്ട് വിജയാഘോഷങ്ങള്‍ അനുകരിച്ച ഇറ്റലിയുടെ ടെന്നിസ് താരം ഫ്ലാബിയോ കൊബോലി ഇപ്പോള്‍ എയറിലാണ്. ലോകകപ്പ് ഫുട്ബോളിലെ ഗോളാഘോഷമാണ് കൊബോലി ആദ്യം ഏറ്റെടുത്തത്. ബ്രസീലിന്റെ മത്തേസ് കുന്യയുടെ സര്‍ഫിങ് ഗോളാഘോഷം ആദ്യംഅനുകരിച്ചു.
ബ്രസീലിന്റെ പ്രീക്വാര്‍ട്ടര്‍ മല്‍സരത്തലേന്നാണ് കൊബോലി കുന്യയുടെ ‘സര്‍ഫിങ്’ഗോളാഘോഷം ടെന്നിസിലുമെത്തിച്ചത്. കുന്യയുടെ ഈ ആഘോഷം തന്നെ ഏറെ ആകര്‍ഷിച്ചെന്നും അതിനാലാണ് അനുകരിച്ചതെന്നും കൊബോലി പറഞ്ഞു.
ഈ ലോകകപ്പിലെ ഗോളാഘോഷങ്ങളില്‍ ഏറ്റവും മികച്ചതും തരംഗമായതും കുന്യയുടെ സര്‍ഫിങ് ഗോളാഘോഷം ആയിരുന്നു. കൊബോലി അനുകരിച്ചതിന്റെ അന്ന് ബ്രസീല്‍ നോര്‍വേയോട് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായി. പോര്‍ച്ചുഗല്‍–സ്പെയിന്‍ മല്‍സരത്തലേന്നാണ് കൊബോലി റൊണാള്‍ഡോയുടെ സിയൂ ആഘോഷം അനുകരിച്ചത്. റൊണാള്‍ഡോയെ ഇഷ്ടമാണെന്നും അതിനാല്‍ ആണ് അനുകരിച്ചതെന്നും കൊബോലി പറഞ്ഞു. എന്നാല്‍ പോര്‍ച്ചുഗല്‍ സ്പെയിനിനോട് തോറ്റ് പുറത്തായി.
ഇത്രയുമായപ്പോള്‍ കൊബോലി ഇനി ഫുട്ബോളില്‍ നിന്ന് ആരെ അനുകരിക്കുമെന്ന ആകാംഷയിലാണ്. മെസിയുടെയും ഹാളണ്ടിന്റെയും എംബാപ്പെയുടെയും ഗോളാഘോഷം ഒന്ന് അനുകരിക്കാമോയെന്നാണ് ഇപ്പോള്‍ കൊബോലിയുടെ പോസ്റ്റിനുതാഴെ ആളുകള്‍ ചോദിക്കുന്നത്. വിംബിള്‍ഡണില്‍ ക്വാര്‍ട്ടറില്‍ കൊബോലി ജയിച്ചാല്‍ ആരെ അനുകരിക്കുമെന്ന ആകാംഷയിലാണ് കായിക പ്രേമികള്‍.