ഇന്ത്യ കണ്ട ഏറ്റവും മികച്ച ഷൂട്ടര്‍മാരിലൊരാളായ ജസ്പാല്‍ റാണയുടെ വേര്‍പാട് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല അദ്ദേഹത്തിന്റെ കുടുംബത്തിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും. കളം നിറഞ്ഞ താരവും കോച്ചുമായിരുന്ന ജസ്പാല്‍ റാണ ഇനിയില്ലെന്നത് പ്രിയശിഷ്യ കൂടിയായ മനു ഭാക്കറിനും അംഗീകരിക്കാനായിട്ടില്ല. പ്രിയപ്പെട്ട കോച്ചിന്റെ മരണവിവരമറിഞ്ഞ് ഓടിയെത്തിയ മനു ഭാക്കര്‍ ചലനമറ്റ ആ ദേഹം കണ്ട് പൊട്ടിക്കരഞ്ഞു.
തനിക്ക് ഒരു കോച്ചോ മെന്ററോ ഗൈഡോ മാത്രമായിരുന്നില്ല റാണയെന്ന് മനു പറയുന്നു. തന്നെ ഏറ്റവും കൂടുതല്‍ മനസിലാക്കിയ പ്രിയ സുഹൃത്തിനെക്കൂടിയാണ് നഷ്ടപ്പെടുന്നതെന്ന് മനു ഭാക്കര്‍ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ശാരീരികാ അസ്വാസ്ഥ്യത്തെ തുടര്‍ന്ന് റാണയെ സാകേതിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം ഡെറാഡൂണിലെ വസതിയിലെത്തിച്ചത്.
പത്മശ്രീ ജസ്പാല്‍ റാണയുടെ പരിശീലനത്തിലായിരുന്നു മനുഭാക്കര്‍ പാരിസ് ഒളിംപിക്സില്‍ മെഡല്‍നേട്ടം കൈവരിച്ചത്.
ജസ്പാൽ ഇല്ലാത്ത ഒരു ഷൂട്ടിംഗ് മത്സരം ഇനി ഒരിക്കലും പഴയതുപോലെ ആയിരിക്കില്ലെന്ന് മനു പറയുന്നു. ഇപ്പോഴും ഇത് വിശ്വസിക്കാൻ കഴിയുന്നില്ല. അദ്ദേഹമിനി ഇല്ലെന്ന വാര്‍ത്ത ഉൾക്കൊള്ളാൻ പാടുപെടുകയാണ്. അദ്ദേഹത്തിന്റെ ശബ്ദം, ഉപദേശങ്ങൾ, സാന്നിധ്യം എന്നിവയെല്ലാം എന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും മനു ഭാക്കര്‍. ഇനി അവിടെ അദ്ദേഹം നിൽക്കുന്നത് കാണാൻ കഴിയില്ലെന്ന് ചിന്തിക്കുമ്പോൾ തന്നെ നെഞ്ച് തകരുന്നുവെന്ന് മനു ഭാക്കര്‍ ഒളിംപിക്സ് ഡോട്ട് കോമിനോട് പറഞ്ഞു.