thoma

ഘാന ദേശീയ ഫുട്ബോൾ ടീമിന് ലോകകപ്പിന് മുന്നോടിയായി തിരിച്ചടി. ലൈംഗികാതിക്രമവും ബലാത്സംഗവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയായ ഘാനയുടെ മധ്യനിര താരം തോമസ് പാർട്ടിക്ക് കാനഡ വിസ നിഷേധിച്ചു. ഇതോടെ ലോകകപ്പിൽ ഘാനയുടെ ആദ്യ മത്സരത്തിൽ പാർട്ടിക്ക് കളിക്കാനാകില്ല.

ഇംഗ്ലീഷ് ക്ലബ്ബായ ആഴ്‌സണലിന്റെ മുൻ താരവും നിലവിൽ സ്പാനിഷ് ക്ലബ്ബായ വിയ്യാറയലിനായി കളിക്കുന്ന 32-കാരനായ തോമസ് പാർട്ടിക്കെതിരെ യുകെയിൽ ബലാത്സംഗവും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുകളാണ് നിലവിലുള്ളത്. ഇതേ തുടർന്നാണ് അദ്ദേഹത്തിന്റെ വിസ അപേക്ഷ കനേഡിയൻ അധികൃതർ നിരസിച്ചതെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ യുഎസിലെ ബോസ്റ്റണിലുള്ള ഘാനയുടെ ടീം ബേസ് ക്യാംപിലാണ് പാർട്ടി. എന്നാൽ കാനഡയിലേയ്ക്ക് പ്രവേശിക്കാൻ ആവശ്യമായ വിസ ലഭിക്കാത്തതിനാൽ അവിടെ നടക്കുന്ന ഘാനയുടെ ആദ്യ ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് സാധിക്കില്ല. പനാമ, ഇംഗ്ലണ്ട്, ക്രൊയേഷ്യ എന്നീ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പിലാണ് ഘാന. ഇംഗ്ലണ്ടിനും ക്രൊയേഷ്യയ്ക്കുമെതിരായ ഘാനയുടെ മത്സരങ്ങൾ യുഎസിൽ നടക്കുന്നതിനാൽ അവയിൽ പങ്കെടുക്കുന്നതിന് നിലവിൽ തടസ്സങ്ങളില്ല.

വിസ നിഷേധിച്ച വിഷയത്തിൽ പ്രതികരിക്കാൻ കനേഡിയൻ സർക്കാർ തയ്യാറായിട്ടുമില്ല. വ്യക്തിഗത കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താറില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ അധ്യക്ഷൻ ജിബ്രീൽ റജൂബിനും യുഎസ് വിസ നിഷേധിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ലോകകപ്പ് ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കാൻ ഫിഫയുടെ പ്രത്യേക ക്ഷണം ലഭിച്ചിരുന്നെങ്കിലും യുഎസിലേയ്ക്ക് പ്രവേശനാനുമതി ലഭിക്കാത്തതിനാൽ അദ്ദേഹം മെക്സിക്കോ സിറ്റിയിൽ തുടരുകയാണ്. മെക്സിക്കോയിൽ നടന്ന ആദ്യ മത്സരം അദ്ദേഹം നേരിൽ കണ്ടിരുന്നു.

ആതിഥേയ രാജ്യങ്ങളുടെ കുടിയേറ്റ നയങ്ങളിലോ വിസ അനുവദിക്കുന്ന നടപടികളിലോ ഇടപെടാൻ ഫിഫയ്ക്ക് അധികാരമില്ലെന്നും, ഓരോ രാജ്യങ്ങളും സ്വന്തം നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും അനുസരിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നുമാണ് ഫിഫ വ്യക്തമാക്കിയിരിക്കുന്നത്.

ENGLISH SUMMARY:

Thomas Partey's visa denial for the World Cup is a major setback for the Ghana national football team. The midfielder, facing sexual assault and rape allegations, was denied a visa by Canada, preventing him from playing in Ghana's opening World Cup match.