ഏതാണ് നിങ്ങളുടെ ഓര്‍മയിലെ ആദ്യ ലോകകപ്പ്? ആദ്യമിഷ്ടപ്പെട്ട ടീമേതാണ്? താരമാരാണ്? ആദ്യം ടെലിവിഷനില്‍ കണ്ട മല്‍സരമേതാണ്? കമന്റ് ചെയ്യാനല്ല, ഒന്നോര്‍ത്തുനോക്കിയാല്‍ മധുരം കിനിയുന്ന ഓര്‍മകളുടെ മഴത്തുള്ളികള്‍ ഇങ്ങനെ വീഴും ഉള്ളില്‍? ഇല്ലേ? നമ്മളില്‍ ഫുട്ബോളുപോലെയോ അതിലേറെയോ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവരുണ്ടാകാം, മറ്റ് സ്പോര്‍ട്ടുകളും ഉണ്ടാവും, പക്ഷെ ലോകകപ്പെന്നുവച്ചാല്‍ ഫുട്ബോളിനോളം വരുമോ? നമ്മളീ ഭൂഗോളത്തിന്റെ ഈ മൂലയ്ക്ക് കിടക്കുന്നതുകൊണ്ട് മിക്കവാറും മഴയത്താണ് ലോകകപ്പ്. മിക്കവാറും രാത്രിയും. ഇത്തവണയത് ഒന്നൊന്നര രാത്രിയാണല്ലേ? അന്നേരങ്ങളില്‍ കനത്ത മഴ പെയ്യാതിരിക്കട്ടെ, പെയ്താലും കറന്റുപോകാതിരിക്കട്ടെ.
എന്റെ ആദ്യ ലോകകപ്പ് അനുഭവം 1990ലേതാണ്. പതിവുപോലെ മഴരാത്രികളിലെ ഫുട്ബോള്‍ കാഴ്ച. അന്ന് മൊബൈല്‍ ഫോണില്ല, ഫോണിലെ കാഴ്ചയുമില്ല. എന്റെ വീട്ടില്‍ ടെലിവിഷനുമില്ല. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ് സ്കൂളില്‍ പഠിക്കുന്ന കാലമാണ്. മല്‍സരം തുടങ്ങുംമുമ്പ് കുടചൂടിയൊരു യാത്രയാണ്, കൃത്യം ദൂരമോര്‍മയില്ല, ഒരു കിലോമീറ്ററെന്തായാലും ഉണ്ട്. മല്‍സരം കഴിഞ്ഞും മഴയത്ത് ഇതേദൂരം, നോക്കിക്കൊണ്ട് നടക്കാന്‍ ഫോണില്ലാത്ത കാലമായതുകൊണ്ട്, അങ്ങോട്ട് വര്‍ത്താനം ആരുജയിക്കുമെന്ന്, ഇങ്ങോട്ട് വര്‍ത്താനം എന്തുകൊണ്ട് നമ്മുടെ ഇഷ്ടടീം ജയിച്ചെന്ന്, തോറ്റെന്ന്.
ഓര്‍മയുണ്ടോ ആ കപ്പ് ആരെടുത്തെന്ന്? ഓര്‍മയുണ്ടോന്ന്. ആരോടാണ് ചോദിക്കുന്നത്. അതെ വെസ്റ്റ് ജര്‍മനി കപ്പെടുത്ത ലോകകപ്പ്. 90ലെ അവസാന മാസങ്ങളില്‍ വെസ്റ്റ് ജര്‍മനി ഓര്‍മയായി, പിന്നെ ജര്‍മനിയേയുള്ളൂ. ആരെ തോല്‍പ്പിച്ചെടുത്ത കപ്പ്. നിലവിലെ ചാംപ്യന്‍ മറഡോണയുടെ അര്‍ജന്റീനയെ തോല്‍പ്പിച്ച് ഉയര്‍ത്തിയ കപ്പ്. ഇതാ ഈ ലോകകപ്പിന് വേദിയാകുന്ന മെക്സിക്കോയില്‍ 86ല്‍ കപ്പുയര്‍ത്തിയശേഷമെത്തിയ അര്‍ജന്റീന.
അച്ഛനൊരു കടുത്ത ഫുട്ബോള്‍ പ്രേമി. ബ്രസീലും ജര്‍മനിയുമൊക്കെ ഇഷ്ടടീമുകള്‍. കുറ്റിക്കാട്ടൂര്‍ ടൗണിനോട് ചേര്‍ന്നൊരു വീട്ടിലാണ് താമസം. അമ്മ കുറ്റിക്കാട്ടൂര്‍ ഹൈസ്കൂളില്‍ മലയാളം ടീച്ചര്‍. അതേ സ്കൂളിലെ യുപി ക്ലാസുകാരായ ഞാനും അനിയനും. നാല്‍വര്‍സംഘം രാത്രി കുടയെടുത്ത് ഇറങ്ങുകയാണ്. വെള്ളിപറമ്പാണ് ലക്ഷ്യം. കുറ്റിക്കാട്ടൂര്‍ സ്കൂളിലെ ബാബുമാഷുടെ വീടാണ്. അവിടെയാണ് കാല്‍പന്ത് വിസ്മയരാത്രികള്‍. വിഡിയോ കോണോ മൊട്ടത്തലയില്‍ കൊമ്പുള്ള പരസ്യമുള്ള ഒനിഡയോ ടിവിയെന്ന് ഓര്‍മയില്ല. മഴപെയ്യല്ലേ എന്ന പ്രാര്‍ഥനകള്‍ ഇപ്പോഴും ഓര്‍മയുണ്ട്. പെയ്താലും ഇടിവെട്ടല്ലേ എന്ന ഉപപ്രാര്‍ഥനയും. തീര്‍ന്നില്ല, ഇടിവെട്ടിപെയ്താലും കറന്റ് പോകല്ലേ. ഒടുവിലാ ഫൈനല്‍ വന്നു, ഇറ്റലിയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി വന്ന അര്‍ജന്റീനക്കാര്‍. ഇംഗ്ലണ്ടിനെ പെനല്‍റ്റിയില്‍ വീഴ്ത്തി വെസ്റ്റ് ജര്‍മനി. അന്നു ഞാന്‍ സ്പാനിഷ് ടീമിനെ ശ്രദ്ധിച്ചുതുടങ്ങിയിട്ടില്ല, രണ്ടാം റൗണ്ടുവരെയൊക്കെ എത്തിയാലായി എന്നായിരുന്നല്ലോ അവരുടെ അക്കാലഗതി. അങ്ങനെ ആ ഫൈനല്‍. പതിവുപോലെ രാത്രി. മഴയുണ്ട്. 85ആം മിനിറ്റിലെ ഗോളില്‍ നിലവിലെ ചാംപ്യനെ വീഴ്ത്തി കപ്പുയര്‍ത്തി പത്താംനമ്പറുകാരന്‍ ജര്‍മന്‍ ക്യാപ്റ്റന്‍ ലോതര്‍ മത്യേസ്.
ആ കാലത്തെ ഇങ്ങനെകൂടി ഓര്‍പ്പെടുത്തിപ്പോകും. നമ്മളിന്നീ ആഘോഷിക്കുന്നു മോഹന്‍ലാലും മമ്മൂട്ടിയും സൂപ്പര്‍ താരങ്ങളായി മാറിക്കഴിഞ്ഞ വര്‍ഷങ്ങള്‍. ഹിസ് ഹൈനസ് അബ്ദുല്ലയും ഇന്ദ്രജാലവും അയ്യര്‍ ദ ഗ്രേറ്റും കോട്ടയം കുഞ്ഞച്ചനുമൊക്കെ ഉണ്ടായ വര്‍ഷമാണ്. ആ ദശകത്തെക്കുറിച്ചോര്‍ക്കാന്‍ വേറെയും എത്ര ഓര്‍മകളല്ലേ? നമ്മുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പോസ്റ്റര്‍ ബോയ് ആയി, ലോക ബ്രാന്‍ഡായി.
ഓര്‍മകള്‍ അല്ലെങ്കിലും അങ്ങനെയാണ്, ഒന്ന് കെട്ടഴിച്ചുവിട്ടാലത് ഏതേത് വഴികളിലോടുമെന്ന് പ്രവചിക്കാനേയാകില്ല. അപ്പോ തിരികെ ഫുട്ബോളിലേക്ക്. ഇതാ ആ വസന്തകാലം വീണ്ടും. Lets celebrate the best of football.