messi

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരം...! നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയുടെ കരുത്തുറ്റ പ്രകടനം. ഐസ്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കിയ അർജന്റീന, ടൂർണമെന്റിന് മുന്‍പ് ആത്മവിശ്വാസം ഉയർത്തി.

മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ അർജന്റീന ലീഡ് നേടി. ബാർകോയുടെ പ്രഹരമാണ് ഐസ്‌ലൻഡ് വല കുലുക്കിയത്. ആദ്യ ഗോൾ വഴങ്ങിയതിന് ശേഷം പ്രതിരോധത്തിലൂന്നിയാണ് ഐസ്‌ലൻഡ് കളിച്ചത്. അർജന്റീന തുടർച്ചയായി ആക്രമണം നടത്തിയെങ്കിലും ലീഡ് വർധിപ്പിക്കാൻ ഏറെ നേരം കാത്തിരിക്കേണ്ടി വന്നു.

എഴുപതാം മിനിറ്റിലാണ് നായകൻ ലയണൽ മെസി പകരക്കാരുടെ ബെഞ്ചിൽ നിന്ന് കളത്തിലിറങ്ങിയത്. മെസിയുടെ വരവോടെ അർജന്റീനയുടെ മുന്നേറ്റങ്ങൾക്ക് കൂടുതൽ മൂർച്ച ലഭിച്ചിക്കുകയായിരുന്നു. കളത്തിലിറങ്ങി രണ്ട് മിനിറ്റിനകം ലഭിച്ച പെനാൽറ്റി മെസി ഗോളാക്കി മാറ്റി ടീമിന്റെ ലീഡ് ഇരട്ടിയാക്കി.

86-ാം മിനിറ്റിൽ റോഡ്രിഗോ ഡി പോളിന്റെ പാസിൽ നിന്ന് തിയാഗോ അൽമാഡ നേടിയ ഗോളോടെ അർജന്റീന വിജയമുറപ്പിച്ചു. ഇതോടെ മത്സരം 3–0ന് അർജന്റീന സ്വന്തമാക്കി. സന്നാഹ മത്സരത്തിൽ മികച്ച പ്രകടനവുമായി ആത്മവിശ്വാസം വർധിപ്പിച്ച അർജന്റീന, ഇനി ലോകകപ്പ് പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നത്. ജൂൺ 18ന് അൾജീരിയക്കെതിരെയാണ് നിലവിലെ ചാമ്പ്യൻമാരുടെ ആദ്യ മത്സരം.