നോര്‍വേ ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍.പ്രഗ്നാനന്ദ. അവസാന റൗണ്ടിൽ ജർമനിയുടെ വിൻസെന്റ് കെയ്മറെ പരാജയപ്പെടുത്തിയാണ് പ്രഗ്നാനന്ദ നോര്‍വെ ചാംപ്യന്‍ഷിപ്പില്‍ വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമായത്. 15 പോയിന്റുമായി മൂന്നാം സ്ഥാനത്ത് അവസാന റൗണ്ട് ആരംഭിച്ച പ്രഗ്നാനന്ദ, നിർണായക മത്സരത്തിൽ, ക്ലാസിക്കൽ വിഭാഗത്തിൽ ജയിച്ച് മൂന്നു പോയിന്റ് സ്വന്തമാക്കി.

ഇതോടെ 18 പോയിന്റുമായി ഒന്നാമതെത്തിയ താരം എലീറ്റ് ചെസിലെ ഏറ്റവും വിലപിടിപ്പുള്ള കിരീടങ്ങളിലൊന്ന് ഉറപ്പിച്ചു. ടൂര്‍ണമെന്റില്‍ മാഗ്നസ് കാൾസനെ ക്ലാസിക്കൽ വിഭാഗത്തിൽ രണ്ടു തവണ പരാജയപ്പെടുത്തിയിരുന്നു. 

ഇന്ത്യയുടെ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിനും നിലവിലെ ലോകചാംപ്യന്‍ ഡി.ഗുകേഷിനും സാധിക്കാത്ത നേട്ടമാണ് പ്രഗ്നാനന്ദ  സ്വന്തമാക്കിയത്. നോര്‍വേ ചെസ് ചാംപ്യന്‍ഷിപ്പില്‍ ഇത് രണ്ടാം തവണയാണ് പ്രഗ്നാനന്ദ പങ്കെടുക്കുന്നത്. അവസാന റൗണ്ടുകളില്‍ ഗുകേഷിന് കാലിടറിയെങ്കിലും പ്രഗ്നാനന്ദ ഇന്ത്യന്‍ പ്രതീക്ഷകള്‍ കാക്കുകയായിരുന്നു. ഗുകേഷ് ഇത് മൂന്നാം തവണയാണ് നോര്‍വേ ചെസ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. 

ക്ലാസിക് ജയം നേടിയാല്‍ മൂന്ന് പോയിന്‍റും ക്ലാസിക് സമനിലയും അര്‍മ്മഗെദ്ദോന്‍ ജയവുമായാല്‍ ഒന്നരപ്പോയിന്‍റും ക്ലാസിക് സമനിലയും അര്‍മ്മഗെദ്ദോന്‍ തോല്‍വിയുമാണെങ്കില്‍ ഒരു പോയിന്‍റുമാണ് ചാംപ്യന്‍ഷിപ്പിലെ പോയിന്‍റ് നില. ഏകദേശം 71.75 ലക്ഷം രൂപയാണ് നോര്‍വേ ചെസ് ചാംപ്യന് ലഭിക്കുക. 

ENGLISH SUMMARY:

Indian Grandmaster R Praggnanandhaa created history by becoming the first-ever Indian chess player to win the prestigious Norway Chess tournament. In a dramatic final round in Oslo, Praggnanandhaa secured a decisive classical victory over Germany's Vincent Keymer to clear his path to the title. This win capped off a stunning comeback for the young prodigy, who won four consecutive classical games after initially finding himself at the bottom of the table following round six. With this final victory, he accumulated 18 points, finishing just ahead of American GM Wesley So to secure one of elite chess's most coveted trophies. Notably, Praggnanandhaa's historic run included defeating World No. 1 Magnus Carlsen twice in the classical section, achieving a milestone that had previously eluded fellow icons Viswanathan Anand and D Gukesh.