norway

TOPICS COVERED

സുവർണ തലമുറയെന്ന വിശേഷണത്തിന്റെ പ്രതീക്ഷാഭാരവുമായാണ് നോര്‍വെ ലോകകപ്പിനെത്തുന്നത്. എര്‍ലിങ്ങ് ഹാളന്റ് ഉള്‍പ്പെടുന്ന മുന്നേറ്റനിരയുടെ കരുത്ത് എത്ര വലുതാണെങ്കിലും, പ്രതിരോധനിര പിടിച്ചുനിൽക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും നോർവേയുടെ ലോകകപ്പ് ഭാവി.

25കാരന്‍ എര്‍ലിങ്ങ് ഹാളന്റാണ് വലിയ സ്വപ്നങ്ങൾ കാണാനുള്ള നോര്‍വെക്കാരുടെ കരുത്ത്. ഇറ്റലിക്കെതിരായ നിർണായക യോഗ്യത മത്സരത്തിലെ ഇരട്ടഗോളടക്കം 16 ഗോളുകളാണ് താരം യോഗ്യതാ റൗണ്ടിൽ അടിച്ചുകൂട്ടിയത്. അത്‌ലറ്റിക്കോ മഡ്രിഡിന്റെ അലക്സാണ്ടർ സോർലോത്ത് ലീപ്സിഗ് വിങ്ങർ അന്റോണിയോ നൂസ എന്നിവരും ഉള്‍പ്പെടുന്നതാണ് മുന്നേറ്റനിര. ആര്‍സനല്‍ താരം മാര്‍ട്ടി ഒഡേഗാര്‍ഡാണ് മധ്യനിര നിയന്ത്രിക്കുന്നത്. യോഗ്യത റൗണ്ടിൽ ടീമിന്റെ പ്രധാന ഭാഗമായിരുന്ന ബലോണീ ഡിഫൻഡർ തോർബ്യോൺ ഹെഗ്ഗെം പരുക്കിന്റെ പിടിയിലാണ്. മറ്റ് പ്രധാന പ്രതിരോധ താരങ്ങൾക്ക് മത്സരപരിചയം കുറവാണെന്നതും തിരിച്ചടിയാണ്. വോ‍ള്‍വര്‍ഹാംപ്ടന്റെ ഡേവിഡ് മോളർ വോള്‍ഫിന് പ്രീമിയര്‍ ലീഗില്‍  കളിക്കാൻ കാര്യമായ അവസരം ലഭിച്ചിട്ടില്ല. ഇതോടെ, ബൊറൂസിയ ഡോർട്മുണ്ടിന്റെ പരിചയസമ്പന്നനായ യൂലിയൻ റയേഴ്സനാണ് പ്രതിരോധനിരയുടെ നെടുംതൂണാകേണ്ടത്. ഫ്രാൻസ്, ഇറാഖ്, സെനഗൽ എന്നിവരുൾപ്പെടുന്ന ഗ്രൂപ്പിലാണ് നോര്‍വെ.

ENGLISH SUMMARY:

Norway enters the World Cup with the immense pressure of being a 'golden generation,' largely driven by the attacking prowess of Erling Haaland. Their World Cup future hinges on the resilience of their defense, which faces challenges due to injuries and lack of experience.