പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഉപേക്ഷിച്ച് ഐപിഎലിലേക്ക് എത്തിയ സിംബാബ്്വെ താരം ബ്ലസിങ് മുസറബാനിക്കെതിരെ നിയമനടപടിക്കൊരുങ്ങി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. മൂന്നുതവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിലേക്ക്, പകരക്കാരനായാണ് ബ്ലസിങ്ങ് എത്തുന്നത്.
ഇസ്‌ലാമാബാദ് യുണൈറ്റഡുമായുള്ള കരാറിൽനിന്നു പിന്മാറിയാണ് ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ബ്ലസിങ് മുസറബാനി കരാറിലെത്തിയത്. ബിസിസിഐയുടെ നിർദേശപ്രകാരം ടീമിൽനിന്ന് ഒഴിവാക്കിയ ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനു പകരക്കാരനായാണ് മുസറബാനിയെ കൊൽക്കത്ത ടീമിലെത്തിച്ചത്. സിംബാബ്‍വെ താരത്തിനെതിരെ കേസ് ഫയൽ ചെയ്യാൻ പിസിബി നിയമവിഭാഗത്തിനു നിർദേശം നല്‍കി. വെസ്റ്റ് ഇൻഡീസ് പേസർ ഷമാർ ജോസഫിനു പകരക്കാരനായാണ് ഇസ്‌ലാമാബാദ് യുണൈറ്റഡ് മുസറബാനിയെ ടീമിലെത്തിച്ചത്. 36 ലക്ഷം ഇന്ത്യന്‍ രൂപയ്ക്കായിരുന്നു മുസറബാനിയുമായുള്ള ഇസ്ലാമാബാദ് യുണൈറ്റഡിന്റെ കരാര്‍. എന്നാല്‍ അടിസ്ഥാന വിലയായ 75 ലക്ഷം രൂപയ്ക്കാണ് താരത്തെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം സമാനമായ രീതിയിൽ ദക്ഷിണാഫ്രിക്കയുടെ കോർബിൻ ബോഷ്, പിഎസ്എല്ലിൽ പെഷവാർ സൽമിയുമായുള്ള കരാർ ഉപേക്ഷിച്ച് പകരക്കാരനായി മുംബൈ ഇന്ത്യൻസിൽ ചേർന്നിരുന്നു. ഇതേത്തുടർന്ന് ബോഷിനെ പിഎസ്എല്ലിൽനിന്ന് ഒരു സീസണിൽ വിലക്കുകയും പിസിബി നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് താരം ബോർഡിനോട് മാപ്പപേക്ഷിച്ചു.