സംസ്ഥാനത്തെ കായികമേഖലയുടെ മുഖച്ഛായ മാറുന്നു. കാസര്‍കോടും വയനാടും തൃശൂരും കൊല്ലത്തും രാജ്യാന്തര നിലവാരത്തിലുള്ള പുതിയ സ്റ്റേഡിയങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായികഴിഞ്ഞു. ഏതാണ്ട് 200 കോടി രൂപയാണ് വിവിധ പദ്ധതികള്‍ക്കായി കിഫ്ബി ചിലവിട്ടത്.

 

വിശാലമായ പത്ത് ഏക്കര്‍ ഭൂമിയിലാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്പോര്‍ട്സ് കോംപ്ലക്സ്. മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയമാണ് കോംപ്ലക്സിലെ പ്രധാന ആകര്‍ഷണം. 29. 32 കോടി രൂപയാണ് ചിലവ്. 

 

വയനാട് കല്‍പ്പറ്റയില്‍ 17.71 കോടി രൂപ ചിലവിട്ടാണ് എംജെ ജിനചന്ദ്രന്‍ ജില്ലാ സ്റ്റേഡിയത്തിന്‍റെ നിര്‍മാണം. ഇതിലെ സിന്തറ്റിക് ട്രാക്കിന് മാത്രം 5 കോടി രൂപ ചിലവിട്ടു. എല്ലാവിധ സൗകര്യങ്ങളോടും കൂടി ഒരുക്കിയ ഓംകാരനാഥന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് കിഫ്ബി ചിലവിട്ടത് 36. 87 കോടി രൂപ. വമ്പന്‍ ടൂര്‍ണമെന്‍റുകളും കായികമേളകളും ഇനി ചുരം കയറി വരുമെന്നര്‍ഥം. 

 

ഒരുകാലത്ത് തൃശൂരിന്‍റെ മാലിന്യകുപ്പത്തൊട്ടിയായിരുന്ന ലാലൂരിലാണ് ഈ അതിമനോഹര കായിക സമുച്ചയം നിര്‍മിച്ചത്. 100 കോടി രൂപയുടെ പദ്ധതിയില്‍ 50 കോടി രൂപ ചിലവിട്ടു. ഐഎം വിജയന്‍റെ പേരിലാണ് സ്റ്റേഡിയം.  

 

കൊല്ലം ഇന്‍‍ഡോര്‍ സ്റ്റേഡിയവും സിന്തറ്റിക് ട്രാക്കും. ഒരേസമയം വിവിധ കായിക ഇനങ്ങളുടെ മല്‍സരങ്ങള്‍ സംഘടിപ്പിക്കാനും പരിശീലനം നടത്താനും കഴിയുന്ന ഇടം. 45.31 കോടി രൂപയാണ് ഇതിനായി കിഫ്ബി മാറ്റിവച്ചത്. 

ENGLISH SUMMARY:

The face of the sports sector in the state is changing, thanks to major projects by the Kerala Infrastructure Investment Fund Board (KIIFB). New international-standard stadiums have been completed in Kasaragod, Wayanad, Thrissur, and Kollam. KIIFB has spent nearly ₹200 crore on various projects.