ടി20 ലോകകപ്പ് ആവേശത്തിലേക്ക് കടന്നിരിക്കുകയാണ് രാജ്യം. കഴിഞ്ഞ ഫെബ്രുവരി ഏഴിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങ് നടന്നത്. ബോളിവുഡ് താരം നോറ ഫത്തേഹിയുടെ നൃത്തമായിരുന്നു ഉദ്ഘാടന ചടങ്ങിന്‍റെ ഒരു ഹൈലൈറ്റ്.
എന്നാല്‍ ഏകദേശം ഒരാഴ്ച മുന്‍പേ നടന്ന ഉദ്ഘാടന ചടങ്ങിലെ ഒരു ദൃശ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നോറ ഫത്തേഹിയുടെ നൃത്തം ആസ്വദിച്ചു കണ്ടുകൊണ്ടിരുന്ന ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്‍റേയും സംഘത്തിന്‍റേയും വിഡിയോ ആണ് പ്രചരിക്കുന്നത്. ഈ വിഡിയോ എടുത്തതാവട്ടെ സൂര്യകുമാറിന്‍റ ഭാര്യ ദേവിഷ ഷെട്ടിയും.
നോറ ഫത്തേഹിയുടെ നൃത്തം ചെയ്യുന്ന വിഡിയോ ചിത്രീകരിക്കുന്നതിനിടയ്ക്ക് ഡ്രെസ്സിങ് റൂമിലെ ഗാലറിയിലിരിക്കുന്ന സൂര്യകുമാറിന് നേരെ ഫോണ്‍ തിരിയ്ക്കുകയായിരുന്നു. ഇത് കണ്ട് താരം ചിരിക്കുന്നുമുണ്ട്. അരികിലുണ്ടായിരുന്ന സഹതാരങ്ങളായ ഇഷാൻ കിഷനും അർഷ്ദീപ് സിങ്ങും പൊട്ടിച്ചിരിക്കുന്നത് വിഡിയോയിൽ കാണാം. വാങ്കഡെയിലെ ഈ രസകര നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. രസകരമായ കമന്‍റുകളും ആരാധകര്‍ പങ്കുവക്കുന്നുണ്ട്. സൂര്യകുമാറിനിന്ന് സോഫയില്‍ കിടന്നുറങ്ങാം എന്നാണ് ഒരാള്‍ കുറിച്ചത്.