പ്രശസ്ത കായിക വസ്ത്ര നിര്‍മാതാക്കളായ ജർമൻ ബ്രാൻഡ് പ്യൂമയെ സ്വന്തമാക്കാന്‍ ചൈനീസ് ഭീമന്‍ ആന്റ സ്പോര്‍ട്സ്. 29 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയാണ് പ്യൂമയുടെ ഏറ്റവും വലിയ ഓഹരി ഉടമകളായി ചൈനീസ് ബ്രാന്‍ഡായ അന്റ സ്പോര്‍ട്സ് മാറുന്നത്. 180 കോടി ഡോളറിനാണ് ഓഹരികള്‍ സ്വന്തമാക്കുന്നത്.
ചൈനയിലെ ഏറ്റവും വലിയ സ്പോർട്സ്‌വെയർ ബ്രാൻഡായ ആന്റ സ്പോർട്സ്, പ്യൂമയുടെ 29.06% ഓഹരികൾ ഏറ്റെടുക്കും. ഇതോടെ പ്യൂമയിലെ ഏറ്റവും വലിയ ഓഹരി ഉടമയായി അന്റ മാറും. ഫ്രാന്‍സിലെ പിനോൾട്ട് കുടുംബത്തിന്റെ നിക്ഷേപ സ്ഥാപനമായ ആർട്ടിമിസിൽനിന്ന് ഒരു ഓഹരിക്ക് 35 യൂറോ എന്ന നിരക്കിലാണ് ഹോങ്കോങ് ആസ്ഥാനമായ 2780 കോടി ഡോളർ വിപണിമൂല്യമുള്ള ആന്റ ഓഹരികൾ സ്വന്തമാക്കുന്നത്. വിൽപ്പനയിൽ പിന്നാക്കം നിൽക്കുന്ന പ്യൂമയെ ചൈനീസ് വിപണിയിൽ മുന്നേറാൻ സഹായിക്കുമെന്ന് അന്റ വ്യക്തമാക്കി. ഫില, സലോമൻ തുടങ്ങിയ ബ്രാൻഡുകളുടെ ഉടമകൾ കൂടിയായ ആന്റയ്ക്ക് രാജ്യാന്തരതലത്തിലേക്ക് വിപണി വ്യാപിപ്പിക്കാനും ഈ ഇടപാട് സഹായകരമാകുമെന്നാണ് കരുതുന്നത്.
ഇടപാട് സ്ഥിരീകരിച്ചതിന് പിന്നാലെ പ്യൂമയുടെ ഓഹരിവില ആദ്യം 17 ശതമാനത്തോളം ഉയര്‍ന്നു. ഇടപാട് പൂർത്തിയായിക്കഴിഞ്ഞാൽ പ്യൂമയുടെ ബോർഡിൽ സ്ഥാനം ആവശ്യപ്പെടുമെന്നും എന്നാൽ കമ്പനി പൂർണമായി ഏറ്റെടുക്കാൻ ശ്രമിക്കില്ലെന്നും ആന്റ വ്യക്തമാക്കി. 320 കോടി യൂറോ വിപണിമൂല്യമുള്ള പ്യൂമ,,,,,,,, നൈക്കി, അഡിഡാസ് തുടങ്ങിയ വമ്പൻമാർക്കും ഓൺ റണ്ണിങ് പോലുള്ള പുതിയ ബ്രാൻഡുകൾക്കും മുന്നിൽ വിപണി വിഹിതം നഷ്ടപ്പെട്ട് പ്രതിസന്ധിയിലായിരുന്നു. നഷ്ടപ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഈ സുപ്രധാന ഇടപാട്.