റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഓസ്ട്രേലിയന്‍ ഓപ്പണില്‍ കുതിപ്പ് തുടര്‍ന്ന് നൊവാക് ജോക്കോവിച്ച്. ഗ്രാൻസ്‍ലാമില്‍ 400 വിജയങ്ങളെന്ന ചരിത്രനേട്ടമാണ് സ്വന്തമാക്കിയത്. യാനിക് സിന്നറും നാലാം റൗണ്ടിലെത്തി. ജപ്പാന്റെ നവൊമി ഒസാക്ക മൂന്നാം റൗണ്ട് മല്‍സരത്തിന് തൊട്ടുമുമ്പ് പിന്‍മാറി. ഇന്നുമുതലാണ് പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍.
നെതര്‍ലന്‍ഡ്സിന്റെ ബോട്ടിക് വാൻ ഡി സാൻഷുൽപിനെ 6-3, 6-4, 7-6 എന്ന സ്കോറിന് തോൽപ്പിച്ചതോടെ, ഗ്രാൻസ്‍ലാം സിംഗിൾസിൽ 400 വിജയങ്ങൾ തികയ്ക്കുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം ജോക്കോവിച്ചിന് സ്വന്തം. അവസാന സെറ്റിലെ മൂന്നാം ഗെയിമിൽ കാൽവഴുതി കോർട്ടിൽ വീണതും, പന്ത്രണ്ടാം ഗെയിമിൽ രണ്ട് സെറ്റ് പോയിന്റുകൾ നേരിടേണ്ടി വന്നതും മാത്രമെ മല്‍സരത്തില്‍ ജോക്കോവിച്ച് ആരാധകരെ ആശങ്കപ്പെടുത്തിയൊള്ളു
85-ാം റാങ്കുകാരനായ എലിയട്ട് സ്പിസിരിക്കെതിരെ നാലുസെറ്റ് മല്‍സരത്തിലാണ് യാനിക് സിന്നര്‍ ജയിച്ചത്. കടുത്ത ചൂടിനെത്തുടർന്ന് മത്സരം നിർത്തിവയ്ക്കുമ്പോള്‍ സിന്നർ പേശിവലിവ് കാരണം മുടന്തി നീങ്ങുകയായിരുന്നു. റോഡ് ലേവർ അരീനയുടെ മേൽക്കൂര അടയ്ക്കുന്നതിനായി മല്‍സരം ഏതാനും മിനിറ്റുകൾ നിർത്തിവച്ചു. പുത്തനുണർവോടെ തിരിച്ചെത്തിയ സിന്നർ, മല്‍സരം സ്വന്തമാക്കി. ഓസ്‌ട്രേലിയൻ ക്വാളിഫയർ താരം മാഡിസൺ ഇൻഗ്ലിസുമായുള്ള മൂന്നാം റൗണ്ട് മത്സരത്തിനു മുൻപായാണ് നവോമി ഒസാക്ക ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറിയത്. രണ്ടു തവണ ഓസ്‌ട്രേലിയൻ ഓപ്പൺ ചാംപ്യനായ ഒസാക്ക, പരുക്കിന്റെ സ്വഭാവം വെളിപ്പെടുത്താതെ സമൂഹമാധ്യമങ്ങളിലൂടെയാണ് പിന്മാറ്റം അറിയിച്ചത്.