ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്ന ബംഗ്ലദേശിന്റെ പിടിവാശി ഫലത്തില്‍ ഗുണം ചെയ്യുക സ്കോട്‍ലന്‍ഡിന്. യോഗ്യതാ റൗണ്ടില്‍ ദുര്‍ബലരായ ഇറ്റലിയോടും ജേഴ്സിയോടും വരെ തോറ്റ ടീമിനാണ് ട്വന്റി20 ലോകകപ്പിനുള്ള ടിക്കറ്റ് കാത്തിരിക്കുന്നത്
യൂറോപ്യന്‍ യോഗ്യതാ ടൂര്‍ണമെന്റില്‍ ഇറ്റലിയോട് 12 റണ്‍സിനും ജേഴ്സിയോട് ഒരു വിക്കറ്റിനുമാണ് സ്കോട്‍ലന്‍ഡ് തോറ്റത്. ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായ സ്കോട്്ലന്‍ഡ് പക്ഷേ ട്വന്റി 20 റാങ്കിങ്ങില്‍ 14ാം സ്ഥാനത്താണ്. മുന്നിലുള്ള 13 ടീമുകളും ലോകകപ്പിന് യോഗ്യത നേടിയവര്‍. ബംഗ്ലദേശ് പിന്‍മാറിയതോടെ യോഗ്യത നേടാത്ത ടീമുകളില്‍, എറ്റവും മികച്ച റാങ്കിലുള്ളവര്‍ എന്ന നിലയ്ക്കാണ് സ്കോട്‍ലന്‍ഡിന് അവസരം ലഭിച്ചത്. ടീം തിരഞ്ഞെടുപ്പ് ഉള്‍പ്പടെ 15 ദിവസത്തില്‍ താഴെ മാത്രമേ സ്കോട്്ലന്‍ഡിന് ഇനി ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് ലഭിക്കൂ. സ്കോട്‍ലന്‍ഡിന് ഇത് ഏഴാം ട്വന്റി 20 ലോകകപ്പാണ്. 2021ല്‍ സൂപ്പര്‍ 12ല്‍ എത്തിയാണ് മികച്ച പ്രകടനം. ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെ അട്ടിമറിച്ചതോടെയാണ് ചരിത്രമുന്നേറ്റം സാധ്യമായത്