ട്വന്റി 20 എൻഡിഎയുടെ ഭാഗമായതിൽ പ്രതിഷേധിച്ച് ഒരുവിഭാഗം പ്രവർത്തകർ ട്വന്റി 20 വിട്ട് കോൺഗ്രസിലേക്ക്. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻപ്രസിഡന്റ് റസീന പരീത് ഉൾപ്പെടെ ഉള്ളവരാണ് കോൺഗ്രസിന്‍റെ ഭാഗം ആകുന്നത്. കൂടുതൽ പ്രവർത്തകർ ട്വന്റി 20 യിലേക്ക് വരും എന്ന് റസീന പരീത് പറഞ്ഞു. സാബു എം.ജേക്കബ് പ്രവർത്തകരെയും പാർട്ടിയെയും വഞ്ചിച്ചു. എൻഡിഎയിൽ ചേരാനുള്ള തീരുമാനം സാബു എം.ജേക്കബ് ഏകപക്ഷീയമായി എടുത്തതാണ്. ട്വന്റി 20യുടെ നിലപാടുമാറ്റം കോൺഗസിന് ഗുണകരമാകുമെന്നും ട്വന്റി 20 വിട്ടവർ പറഞ്ഞു.

എൻഡിഎ പ്രവേശനത്തിൽ ട്വന്‍റി 20യിൽ ഭിന്നത രൂക്ഷമാണ്. എൻഡിഎയിൽ അംഗമായത് അംഗീകരിക്കാനാകില്ലെന്നാണ് തൃക്കാക്കര നഗരസഭയിലെ ഏക ട്വന്‍റി 20 അംഗം റെനി തോമസിന്‍റെ നിലപാട്. സ്വതന്ത്ര പാർട്ടി എന്ന നിലയിലാണ് ട്വന്‍റി 20യിൽ അംഗമായതും മൽസരിച്ചതും. എൻഡിഎയിൽ പോകാൻ തയ്യാറല്ലെന്നും റെനി വ്യക്തമാക്കി. സംഘടനച്ചുമതലയുള്ളവർ ഉൾപ്പടെ ഒരുവിഭാഗം നേതാക്കൾ പാർട്ടി വിടാൻ ഒരുങ്ങുകയാണ്. കോൺഗ്രസ് നേതൃത്വവുമായി ഇവർ ചർച്ച നടത്തിയിട്ടുണ്ട്. പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെ കൂടുതൽ പേർ ഭിന്നതപരസ്യമാക്കുമെന്നും പാർട്ടി വിടുമെന്നും എൻഡിഎ പ്രവേശനത്തെ എതിർക്കുന്നവർ പറയുന്നു.

എൻഡിഎ പ്രവേശനത്തിൽ ട്വൻ്റി 20 ഭരിക്കുന്ന പഞ്ചായത്ത് അധ്യക്ഷന്മാർക്ക് സമ്മിശ്ര പ്രതികരണമാണ്. നേതൃത്വത്തിനൊപ്പം ഉറച്ചു നിൽക്കുമെന്ന് കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡൻ്റും മേൽഘടകത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡൻ്റും പ്രതികരിച്ചു. പൂതൃക്ക, ഐക്കരനാട് പഞ്ചായത്ത് പ്രസിഡൻ്റുമാർ നിലപാട് വ്യക്തമാക്കിയിട്ടില്ല. ട്വൻ്റി20യുടെ എൻഡിഎ പ്രവേശനം പൂതൃക്ക, വടവുകോട്- പുത്തൻകുരിശ് പഞ്ചായത്തുകളിൽ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്.

അതേസമയം, പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും എൻഡിഎ പ്രവേശത്തെ പിന്തുണച്ചുവെന്നും ആശയപരമായ തീരുമാനമെടുക്കുമ്പോൾ ചിലർ പോയെന്ന് വരാമെന്നും ട്വന്റി20 പ്രസിഡന്റ് സാബു എം.ജേക്കബ് പറഞ്ഞു.

ENGLISH SUMMARY:

Following Twenty20's sudden decision to join the BJP-led National Democratic Alliance (NDA), a group of members including former Vadavucode Block Panchayat President Raseena Pareeth has decided to join the Congress party. The protesters allege that Sabu M. Jacob took the decision unilaterally without consulting senior leaders or party workers, effectively betraying the outfit's original principles. Raseena Pareeth predicted that more workers would follow suit as dissent grows within the Kizhakkambalam-based party.