Image Credit:x/au
മസ്തിഷ്കജ്വരം ബാധിച്ച് കോമയിലായിപ്പോയ ഓസീസ് മുന്‍താരം ഡാമിയന്‍ മാര്‍ട്ടിന്‍ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. കോമയില്‍ നിന്നുണര്‍ന്ന താരം ഇന്നലെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സംസാരിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് അതീവ ഗുരുതരാവസ്ഥയില്‍ ഡാമിയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡാമിയന്‍റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും ആശുപത്രിവിട്ടുവെന്നും ആരാധകരെ ഗില്‍ക്രിസ്റ്റ് അറിയിച്ചത്. ആരാധകരുടെ പ്രാര്‍ഥനയ്ക്കും പിന്തുണയ്ക്കും കുടുംബം നന്ദി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തക്കസമയത്ത് ഏറ്റവും ഫലപ്രദമായി ചികില്‍സ നല്‍കിയതാണ് ഡാമിയന്‍റെ ജീവന്‍ രക്ഷിച്ചതെന്ന് പറഞ്ഞ ഗില്‍ക്രിസ്റ്റ് ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെയും അഭിനന്ദിച്ചു. അണുബാധ തുടക്കത്തിലെ നിയന്ത്രിക്കാനും ഇല്ലാതെയാക്കാനും കഴിഞ്ഞതിന് പിന്നില്‍ ആരോഗ്യവിദഗ്ധരുടെ അശ്രാന്ത പരിശ്രമം ഉണ്ടായെന്നും ജീവിതത്തിലേക്ക് ഡാമിയനെ മടക്കിക്കൊണ്ട് വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ഭുതമെന്നല്ലാതെ മറ്റെന്ത് പറയാന്‍ എന്നായിരുന്നു മാര്ക്വോയുടെ പ്രതികരണം. ഐസിയുവിലായിരുന്നപ്പോള്‍ തീര്‍ത്തും മോശം നിലയായിരുന്നുവെന്നും വോ വ്യക്തമാക്കി.
67 ടെസ്റ്റ് മല്‍സരങ്ങളാണ് ഓസ്ട്രേലിയയ്ക്കായി ഡാമിയന്‍ കളിച്ചത്. 13 സെഞ്ചറികളും നേടി. 208 ഏകദിനങ്ങള്‍ കളിച്ച ഡാമിയന്‍ 1999ലെയും 2003ലെയും ലോകകപ്പ് നേടിയ ടീമുകളില്‍ അംഗമായിരുന്നു. പരുക്കേറ്റ വിരലുമായി ഡാമിയന്‍ നേടിയ 88 റണ്‍സാണ് 2003 ലെ ലോകകപ്പ് കീരിടം കംഗാരുപ്പടയ്ക്ക് സമ്മാനിച്ചത്.