Image credit: Instagram/sophieshine
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ വീണ്ടും വിവാഹിതനാകുന്നു. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ കാമുകി സോഫി ഷൈനെയാണ് ധവാന്‍ ജീവിതപങ്കാളിയാക്കുന്നത്. ഫെബ്രുവരി മൂന്നാം ആഴ്ചയില്‍ ഡല്‍ഹിയില്‍ വച്ചാകും വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിക്കറ്റ്– ബോളിവുഡ് പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ധവാന്‍ തന്നെയാണ് വിവാഹത്തിനുള്ള തയാറെടുപ്പുകള്‍ക്ക് സജീവമായി നേതൃത്വം നല്‍കുന്നതെന്നും അടുത്ത സുഹൃത്തുക്കളെയടക്കം ക്ഷണിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
അയേഷാ മുഖര്‍ജിയുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷമാണ് ധവാന്‍ സോഫിയുമായി പ്രണയത്തിലായത്. നിലവില്‍ ശിഖര്‍ ധവാന്‍ ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ നോക്കി നടത്തുകയാണ് സോഫി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുബായില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. 2025ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ഒന്നിച്ചെത്തിയതോടെ പ്രണയം പരസ്യമായി. ഒരു വര്‍ഷത്തോളം ഒന്നിച്ച് കഴിഞ്ഞതിന് ശേഷമാണ് വിവാഹത്തെ കുറിച്ച് ഇരുവരും ചിന്തിച്ചതെന്നും സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു.
2012ലായിരുന്നു കിക്ബോക്സറായ അയേഷയെ ധവാന്‍ വിവാഹം കഴിച്ചത്. ധവാന്‍ ഓസ്ട്രേലിയയില്‍ വാങ്ങിയ മൂന്ന് വീടുകളുടെയും ഉടമസ്ഥാവകാശത്തിന്‍റെ 99 ശതമാനവും അയേഷ ആവശ്യപ്പെട്ടതും മറ്റ് ആസ്തികളുടെ സഹ ഉടമയാക്കണമെന്ന് പറഞ്ഞതുമാണ് വിവാഹമോചനത്തില്‍ കലാശിച്ചതെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അയേഷ മുഖര്‍ജിയുമായുള്ള ബന്ധത്തില്‍ 11 വയസുള്ള ഒരു മകന്‍ താരത്തിനുണ്ട്. അയേഷ തന്നെ കടുത്ത മാനസിക സമ്മര്‍ദത്തിലാക്കിയെന്നും വലിയ സാമ്പത്തിക ബാധ്യതകളുണ്ടാക്കിയെന്നുമായിരുന്നു ധവാന്‍ ആരോപിച്ചിരുന്നത്. മകനെ കാണാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും ധവാന്‍ വെളിപ്പെടുത്തിയിരുന്നു. 2023 ലാണ് കോടതി വിവാഹമോചനം അനുവദിച്ചത്.