Image Credit: X(Left), PTI (Right)
ഒപ്പം നിന്ന് ഫൊട്ടോയെടുക്കാനെത്തിയ ഭിന്നശേഷിക്കാരനായ കുരുന്ന് ആരാധകനെ പരിഗണിക്കാതെ നടന്നുനീങ്ങിയ കോലിക്കും അനുഷ്കയ്ക്കുമെതിരെ സമൂഹ മാധ്യമങ്ങളില്‍ രോഷം. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാകുന്നത്. വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്കിറങ്ങി വരുന്ന കോലിയുടെ അടുത്തേക്ക് ഭിന്നശേഷിക്കാരനായ കുട്ടി സെല്‍ഫിക്കായി ഓടിയെത്തുന്നത് കാണാം. കുട്ടിയെ ശ്രദ്ധിക്കാതെ കാര്‍ ലക്ഷ്യമാക്കി കോലി വേഗം നടന്നു നീങ്ങുന്നതും പിന്നാലെ അനുഷ്ക എത്തുന്നതുമാണ് വിഡിയോയിലുള്ളത്.
കുറച്ച് കൂടി സഹാനുഭൂതിയോടെ പെരുമാറേണ്ടിയിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ കുട്ടിയെ തള്ളി മാറ്റിയപ്പോള്‍ കോലി മൗനം പാലിച്ചത് ശരിയായില്ലെന്നും ചിലര്‍ കുറിച്ചു. പ്രേമാനന്ദ് ജി മഹാരാജിനെ സന്ദര്‍ശിച്ച് മടങ്ങി വരും വഴിയാണ് സംഭവമുണ്ടായത്.
സെല്‍ഫിയും ഓട്ടോഗ്രാഫുമെല്ലാം എടുത്ത് ഇരുവരും ക്ഷീണിതരായിരിക്കാം. പക്ഷേ ഭിന്നശേഷിക്കാരനായ ഒരു കുരുന്നിനോട് കുറച്ച് കരുണയാവാം. സ്നേഹപൂര്‍വം നിരസിക്കാമായിരുന്നു. പക്ഷേ കോലിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കുട്ടിയോട് മോശമായി പെരുമാറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ല എന്ന് റെഡ്ഡിറ്റില്‍ ഒരാള്‍ എഴുതി.
'പ്രശസ്തരുടെ കാര്യം ഇങ്ങനെയൊക്കെയാണ്. അവരുടെ ഉയര്‍ച്ചയ്ക്കായി നിങ്ങള്‍ ഇരുന്ന് പ്രാര്‍ഥിക്കും, ഓണ്‍ലൈനില്‍ മറ്റുള്ളവരോട് തര്‍ക്കിക്കും. പക്ഷേ അവര്‍ക്ക് ആരോടും മമതയില്ലെന്നതാണ് വാസ്തവം' എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. സ്വാമിയുടെ അടുത്തുപോയി അനുഗ്രഹം വാങ്ങി വരുന്ന വഴിയാണ്. ഇങ്ങനെ െപരുമാറാനാണോ അപ്പോള്‍ പഠിക്കുക? ഇത് അപമാനമാണ് എന്ന് മറ്റൊരാളും കുറിച്ചു. വൃന്ദാവനിലെ ആശ്രമത്തിലെത്തിയാണ് വിരുഷ്ക ദമ്പതിമാര്‍ പ്രേമാനന്ദ് ജി മഹാരാജിനെ സന്ദര്‍ശിച്ചത്. ഈ വര്‍ഷം ഇത് മൂന്നാം പ്രാവശ്യമാണ് ഇരുവരും ആശ്രമത്തിലെത്തിയത്.