https://img.manoramanews.com/content/dam/mm/mnews/archive/sports/latest/images/2025/12/14/john-cena-retirement.jpg?w=900&h=504
ജോണ്‍ സീന വിരമിച്ചതോടെ റെസ്ലിങ്ങിന് നഷ്ടമാകുന്നത് ഏറ്റവും വിപണിമൂല്യമുള്ള താരത്തെയാണ്. രണ്ടുപതിറ്റാണ്ടുകൊണ്ട് സീന തീര്‍ത്ത ആരാധകബലം അളക്കുമ്പോള്‍, സ്പോര്‍ട്സ് എന്റര്‍ടെയ്ന്‍മെന്റ് വ്യവസായത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ഒരു പകരക്കാരനെ കണ്ടെത്തുക എളുപ്പമല്ല.
'റൂത്‌ലസ് അഗ്രഷൻ' എന്നറിയപ്പെട്ട പുതുമുഖത്തിൽ നിന്ന് 'ഡോക്ടർ ഓഫ് തഗനോമിക്സ്' എന്ന റാപ്പർ കഥാപാത്രത്തിലേക്കും, പിന്നീട് Never Give Up മുദ്രാവാക്യവുമായി സൂപ്പര്‍ ഹീറോ പരിവേഷവും നേടിയ മാസച്യുസിറ്റ്സുകാരന്‍.. റിങ്ങിലെ പ്രകടനത്തിന്റെ പേരില്‍ വിമര്‍ശിച്ചവര്‍ വിളിച്ചുപറഞ്ഞത് യൂ കാന്റ് റെസില്‍ എന്ന്. സ്റ്റൈലിലും അഭ്യാസങ്ങളിലും മാറ്റം വരുത്തി വിമര്‍ശകരെ ആരാധകരാക്കിയപ്പോള്‍ ലോകം മുഴുവന്‍ അവന്റെ ഡയലോഗ് ഏറ്റുപറഞ്ഞു.
2005ല്‍ കൂടുതൽ നിയന്ത്രിതവും കുടുംബസൗഹൃദപരവുമായ പിജി യുഗത്തിലേക്ക് ടെലിവിഷന്‍ കടന്നതോടെയാണ് WWE വിന്റെ മുഖമായി ജോണ്‍ സീന മാറുന്നത്. സീനയുടെ പേരുള്ള ഉൽപന്നങ്ങളുടെ വിൽപനയും സ്ഥിരമായി കമ്പനിയുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു. റിങ്ങിന് പുറത്തും, ജനങ്ങൾ ശ്രദ്ധിക്കുകയും കേൾക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമായി ജോണ്‍ സീന മാറി. മെയ്ക്ക് എ വിഷിലൂടെ ഗുരുതരരോഗം ബാധിച്ചവര്‍ക്ക് ജീവിതത്തിന്റെ അവസാനഘട്ടങ്ങളില്‍ ആശ്വാസം പകരാന്‍ സീനയുടെ സാന്നിധ്യത്തിനായി. സീനയെപ്പോലെ സര്‍വമേഖലകളിലും സ്വാധീനം ഉറപ്പിക്കുന്ന പുതിയ സൂപ്പര്‍ താരത്തെയാണ് ഇനി ഒരുക്കിയെടുക്കേണ്ടത് എന്നതാണ് WWEക്ക് മുന്നിലുള്ള ചലഞ്ച്.