Image: x.com/WWE
പ്രഫഷനൽ റെസ്‌ലിങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട താരങ്ങളിലൊന്നായ ജോണ്‍ സീന വിരമിച്ചു. സാറ്റർഡേ നൈറ്റ്‌സ് മെയിൻ ഇവന്റിൽ ഗുന്തറിനോട് (വാൾട്ടർ ഹാൻ) പരാജയപ്പെട്ടതോടെയാണ് ജോൺ സീനയുടെ ഐക്കണിക് ഡബ്ല്യു.ഡബ്ല്യു.ഇ കരിയര്‍ അവസാനിച്ചത്. 20 വർഷത്തിനിടെ ഇതാദ്യമായാണ് സീന ഒരു മത്സരത്തിൽ നിന്ന് പുറത്തായത്. ഇത് ആരാധകരുടെ ഹൃദയവും തകര്‍ത്തു. ലോകമെമ്പാടുമുള്ള റെസ്ലിങ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ വർഷമാണ് ജോണ്‍ സീന തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
ഡബ്ല്യു.ഡബ്ല്യു.ഇ ഹാൾ ഓഫ് ഫെയിം മിഷേൽ മക്കൂൾ, ട്രിഷ് സ്ട്രാറ്റസ് എന്നിവരോടൊപ്പം കർട്ട് ആംഗിൾ, മാർക്ക് ഹെൻറി, റോബ് വാൻ ഡാം തുടങ്ങിയ സീനയുടെ ഏറ്റവും വലിയ എതിരാളികൾ മല്‍സരം വീക്ഷിക്കാനെത്തിയിരുന്നു. ദി റോക്ക്, കെയ്ൻ തുടങ്ങിയ ഇതിഹാസങ്ങൾ സീനയുടെ അവസാന മത്സരത്തിന് മുമ്പ് അദ്ദേഹത്തിന് ആശംസകൾ നേരുകയും ചെയ്തു. അതുകൊണ്ടു തന്നെ ഡബ്ല്യു.ഡബ്ല്യു.ഇക്ക് ഇതൊരു ആഘോഷ രാത്രിയായിരുന്നു. 17 തവണ ലോക ചാംപ്യനായ സീന അവസാനമായി റിങിലേക്ക് ഓടിയെത്തിയപ്പോൾ താരങ്ങളും ആരാധകരും അദ്ദേഹത്തെ ആവേശത്തോടെ സ്വീകരിച്ചു. ഒടുവില്‍ തോല്‍വിയോടെ മടക്കം. ‘ഇത്രയും വർഷങ്ങൾ നിങ്ങളെ സേവിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, നന്ദി’ ജോണ്‍ സീന റിങില്‍ നിന്നും മടങ്ങി.
Image: facebook.com/johncena
ഡബ്ല്യു.ഡബ്ല്യു.ഇയുടെ എക്കാലത്തെയും വന്‍പേരുകളിലൊന്നാണ് ജോണ്‍ സീന. ഡബ്ല്യു.ഡബ്ല്യു.ഇയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം. ഗ്രാൻഡ് സ്ലാം ചാംപ്യൻ. ഒരു തവണ ഇന്റർകോണ്ടിനെന്റൽ ചാംപ്യൻ (2025 നവംബർ 10), പതിനേഴു തവണ ഡബ്ല്യു.ഡബ്ല്യു.ഇ ലോക ചാംപ്യൻ, അഞ്ച് തവണ യുണൈറ്റഡ് സ്റ്റേറ്റ്സ് ചാംപ്യൻ, നാല് തവണ ഡബ്ല്യു.ഡബ്ല്യു.ഇ ടാഗ് ടീം ചാംപ്യൻ, ഒന്നിലധികം റോയൽ റംബിൾ മത്സരങ്ങൾ വിജയിച്ച ആറ് പുരുഷന്മാരിൽ ഒരാൾ, മണി ഇൻ ദി ബാങ്ക് ലാഡർ മാച്ച് വിന്നർ, പത്ത് തവണ സ്ലാമി അവാർഡ് ജേതാവ് അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത റെക്കോര്‍ഡുകള്‍.
Image: facebook.com/johncena
അമേരിക്കയിലെ വെസ്റ്റ് ന്യൂബറിയിൽ 1977 ഏപ്രിൽ 23 നാണ് ജോണ്‍സീനയുടെ ജനനം. ഇരുപത്തിരണ്ടാം വയസില്‍ റസ്ലിങ് റിങിലേക്ക്. 2005 ഏപ്രിൽ മൂന്നിന് ആദ്യമായി ലോക ചാംപ്യനായി. അവിടുന്നങ്ങോട്ട് തൊട്ടതെല്ലാം പൊന്നാക്കിയ കരിയര്‍. റിങിലെ ചുവടുകള്‍ മാത്രമല്ല ജോണ്‍ സീനയുടെ സിനിമാപ്രവേശവും വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതുവരെ 16 സിനിമകളിലാണ് സീന അഭിനയിച്ചത്. വാഷിങ്ടണ്‍ ഡിസിയിലെ ക്യാപിറ്റൽ വൺ അരീനയിലായിരുന്നു ഡബ്ല്യു.ഡബ്ല്യു.ഇ സാറ്റർഡേ നൈറ്റ് ലൈവ് ശനിയാഴ്ച രാത്രി നടന്നത്. ഡിസംബർ 14 ഞായറാഴ്ച രാവിലെ 6:30 നായിരുന്നു ഇന്ത്യയില്‍ സംപ്രേക്ഷണം.