ഓസ്ട്രേലിയന്‍ ടീമിനൊപ്പം കളിക്കുമ്പോള്‍ മുന്‍ താരങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും കടുത്ത മനോവിഷമം നേരിട്ടുവെന്ന് ഉസ്മാന്‍ ഖവാജ. താന്‍ പാക്കിസ്ഥാനില്‍ ജനിച്ചതിന്‍റെ പേരിലും മുസ്ലിം ആയതിന്‍റെ പേരിലും വിവേചനം നേരിട്ടിരുന്നുവെന്ന് ഖവാജ വിടവാങ്ങല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഞ്ചാമത്തെയും അവസാനത്തെയും ആഷസ് ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കാലങ്ങളായി താന്‍ അനുഭവിച്ച, തന്നെ വീര്‍പ്പുമുട്ടിച്ച ദുരനുഭവങ്ങളെ കുറിച്ച് ഖവാജ മനസ് തുറന്നത്. സിഡ്നിയിലെ മല്‍സരത്തോടെ താരം വിരമിക്കും. ഓസ്ട്രേലിയയ്ക്കായി കളിച്ച ആദ്യത്തെ പാക്കിസ്ഥാന്‍ – മുസ്ലിം ക്രിക്കറ്റര്‍ കൂടിയാണ് ഖവാജ. കുടുംബത്തിനൊപ്പമെത്തിയാണ് ഖവാജ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ആഷസിനിടെ താരത്തിന് പുറത്തിന് പരുക്കേല്‍ക്കുകയും ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ പുറത്തിരിക്കേണ്ടിയും വന്നിരുന്നു. ട്രാവിസ് ഹെഡാണ് പകരം ഓപ്പണറായത്. പരുക്കേറ്റതിന് പിന്നാലെ രൂക്ഷ വിമര്‍ശനങ്ങള്‍ ഖവാജയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നു. ടെസ്റ്റിന് തലേന്ന് താരം ഗോള്‍ഫ് കളിച്ചതും വിവാദത്തിലായി. തുടര്‍ന്ന് ബ്രിസ്ബേന്‍ ടെസ്റ്റ് ഖവാജയ്ക്ക് നഷ്ടമായി. സ്റ്റീവ് സ്മിത്തിന് അവസാന നിമിഷം പരുക്കേറ്റതോടെ ഖവാജയെ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. 

പരുക്ക് എന്നെക്കൊണ്ട് നിയന്ത്രിക്കാന്‍ പറ്റുന്ന ഒന്നായിരുന്നില്ല. മുന്‍ താരങ്ങളും മാധ്യമങ്ങളും വളഞ്ഞിട്ട് ആക്രമിച്ചു. അഞ്ചു ദിവസത്തോളമാണ് അതുമായി മല്ലിട്ടത്. വംശീയ അധിക്ഷേപങ്ങളുണ്ടായി. അതെനിക്ക് ഇക്കാലമത്രയും നേരിടേണ്ടി വന്നിട്ടുണ്ട്. മടിയനാണെന്ന് കുറ്റപ്പെടുത്തല്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. പാക്കിസ്ഥാനി, വെസ്റ്റ് ഇന്ത്യന്‍ നിറമുള്ളവന്‍ എന്നിങ്ങനെ പലതും കേട്ടു. സ്വാര്‍ഥനാണെന്നും, സ്വന്തം കാര്യമേ നോക്കുന്നുള്ളൂ ടീമിനെ കുറിച്ച് ആലോചനയില്ലെന്നും, മതിയായ പരിശീലനം നടത്തുന്നില്ലെന്നുമെല്ലാം പഴി കേട്ടു. പറഞ്ഞതെല്ലാം മുന്‍താരങ്ങളും മാധ്യമങ്ങളും മറന്നിട്ടുണ്ടാകും. പക്ഷേ എനിക്കത് മറക്കാന്‍ കഴിയില്ലല്ലോ. എന്‍റെ ഇടമല്ലെന്ന തോന്നലും തിരിച്ചറിവുമാണ് ഇത് എന്നിലുണ്ടാക്കിയത്. കളിക്ക് തലേ ദിവസം ഗോള്‍ഫ് കളിക്കാന്‍ പോയ എത്ര കളിക്കാരുടെ പേര് വേണം? പരുക്കേറ്റവരുടെ വിവരം വേണം? ഒരക്ഷരം ഒരു മാധ്യമവും അപ്പോഴൊന്നും മിണ്ടിയിട്ടില്ല. 15 കുപ്പിയോളം ബീയര്‍ കുടിച്ച് പരുക്കേറ്റ് പുറത്തിരുന്നവരെ കുറിച്ച് മിണ്ടിയിട്ടില്ല. അതങ്ങനെയാണ്, അവര്‍ ഓസ്ട്രേലിയക്കാരാണല്ലോ'-ഖവാജ വിശദീകരിച്ചു. 

പെര്‍ത്ത് ടെസ്റ്റില്‍ പരുക്കേറ്റതോടെ തന്‍റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്തവരെ വെറുതേ വിടാന്‍ ഒരുക്കമല്ലെന്ന് തുടക്കം മുതല്‍ ഖവാജ ഉറപ്പിച്ചത് പോലെയാണ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച് തുടങ്ങിയത്. 87 ടെസ്റ്റുകളില്‍ നിന്ന് 16 സെഞ്ചറികള്‍ ഉള്‍പ്പടെ ആറായിരം റണ്‍സാണ് ഖവാജയുടെ സമ്പാദ്യം. 'പെര്‍ത്തില്‍ പരുക്കേറ്റതോടെ സകലരും എന്‍റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്തു. ഒരു വ്യക്തിയെന്ന നിലയിലുള്ള നിലനില്‍പ്പ് പോലും വിമര്‍ശിക്കപ്പെട്ടു. സാധാരണ ഒരാള്‍ക്ക് പരുക്കേല്‍ക്കുമ്പോള്‍, ആളുകള്‍ക്ക് പാവം തോന്നും. അയ്യോ പാവം ജോഷ് ഹേസല്‍വുഡ്, അല്ലെങ്കില്‍ പാവം നഥാന്‍ എന്നൊക്കെ. അവരെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ആരും ശ്രമിക്കില്ല. ഇതൊക്കെ ഞാന്‍ പറയുമ്പോള്‍ ദാ, ഉസീ, റേസിസ്റ്റ് കാര്‍ഡ് ഇറക്കുന്നുവെന്നാകും അടുത്ത ആരോപണം. ഗ്യാസ്​ലൈറ്റ് ചെയ്യാന്‍ നോക്കേണ്ട. ഇസ്ലാമോഫോബിയ എല്ലായിടവുമുണ്ട്. മുന്‍പും ഞാന്‍ പറഞ്ഞിട്ടുണ്ട്. അതേക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ഓസ്ട്രേലിയന്‍ ടീമിലെത്തുന്ന അടുത്ത 'ഖവാജ'യ്ക്ക് ഈ അവസ്ഥയുണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു'- താരം തുറന്നടിച്ചു.

ENGLISH SUMMARY:

Usman Khawaja's retirement announcement reveals experiences of discrimination and racism within Australian cricket. Khawaja spoke about facing prejudice due to his Pakistani heritage and Muslim faith, emphasizing the need for a more inclusive environment for future players.