ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയുടെയും സംഗീത സംവിധായകന്‍ പലാഷ് മൂച്ചലിന്‍റെയും വിവാഹം റദ്ദ് ചെയ്തതിന് പിന്നാലെ സ്മൃതിയുടെ അടുത്ത സുഹൃത്തും ഇന്ത്യൻ ടീമിൽ സഹതാരവുമായ ജമീമ റോഡ്രിഗസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു സ്റ്റോറിയും ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. ‘മാൻ ഐ നീഡ്’ എന്ന ഗാനം ആലപിക്കുന്ന വിഡിയോയാണ് ജമീമ പങ്കുവച്ചത്. ഗാനത്തിന്‍റെ വരികളെ പലാഷുമായി ബന്ധിപ്പിച്ചാണ് ചര്‍ച്ചകള്‍. ജമീമ പലാഷിനെ അണ്‍ഫോളോ ചെയ്തെന്നും ആരാധകര്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.
വനിതാ ലോകകപ്പ് ഫൈനല്‍ നടന്ന ഡി.വൈ.പാട്ടീല്‍സ്റ്റേഡിയത്തില്‍ വച്ചാണ് പലാഷിന്‍റെയും സ്മൃതിയുടെയും വിവാഹ നിശ്ചയം നടന്നത്. നവംബര്‍ 23ന് സാംഗ്ലിയില്‍ വച്ചാണ് പലാഷിന്‍റെയും സ്മൃതിയുടെയും വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹത്തിന് മണിക്കൂറുകള്‍ ശേഷിക്കെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ വിവാഹം മാറ്റിവച്ചതായി കുടുംബം അറിയിക്കുകയായിരുന്നു. പിന്നാലെ പലാഷും ആശുപത്രിയില്‍ ചികില്‍സ തേടി.
മണിക്കൂറുകള്‍ക്കകം പലാഷും മേരി ഡി കോത്തെയെന്ന യുവതിയുമായുള്ള ചാറ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. ഒരു മാസം മാത്രമേ പലാഷുമായി ബന്ധമുണ്ടായിട്ടുള്ളൂവെന്നും തന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും യുവതി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഇതിനൊപ്പം തന്നെ വിവാഹത്തിനെത്തിയ കൊറിയോഗ്രാഫറുമായി ബന്ധപ്പെട്ടും പലാഷിന്‍റെ പേരുയര്‍ന്നു. പിന്നാലെ വിവാഹം മാറ്റിവെച്ചു. വിവാഹം മാറ്റി വച്ചതിന് പിന്നാലെ വിവാഹവുമായും വിവാഹ നിശ്ചയവുമായും ബന്ധപ്പെട്ട ഫൊട്ടോകളെല്ലാം സ്മൃതി സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കി. സുഹൃത്തുക്കളും ചിത്രങ്ങള്‍ നീക്കുകയും പലാഷിനെ അണ്‍ഫോളോ ചെയ്യുകയും ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് സ്മൃതി തന്നെ അറിയിക്കുകയായിരുന്നു.