ആഷസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ. രണ്ടാം ഇന്നിങ്സിൽ വെറും 65 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ്, പത്താം ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓപ്പണർ ട്രാവിസ് ഹെഡ് 22 റൺസെടുത്തപ്പോൾ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 23 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ ആഷസ് പരമ്പരയിൽ ഓസ്ട്രേലിയ 2–0നു ലീഡ് വർധിപ്പിച്ചു.
നേരത്തെ, 6ന് 134 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച് ഇംഗ്ലണ്ട്, 241 റൺസിന് ഓൾഔട്ടാകുകയായിരുന്നു. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (50), വിൽ ജാക്സ് (41) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഇംഗ്ലണ്ടിനെ സഹായിച്ചത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 96 റൺസ് കൂട്ടിച്ചേർത്തു. വിൽ ജാക്സ് വീണതിനു പിന്നാലെ, 17 റൺസിനിടെ ഇംഗ്ലണ്ടിന്റെ ബാക്കി മൂന്നു വിക്കറ്റുകളും വീഴുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മൈക്കൽ നെസർ ആണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്.