പ്രൊപ്പോസല്‍ വിഡിയോ ഉള്‍പ്പെടെ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽനിന്നു നീക്കം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥന. പിതാവ് ശ്രീനിവാസ് മന്ഥനയ്ക്കു ഹൃദയാഘാതമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെയാണ് വരനായ പലാഷ് മുച്ചല്‍ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തില്‍ വച്ച് വിവാഹ അഭ്യർഥന നടത്തിയ വിഡിയോയും മറ്റ് ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽനിന്നു നീക്കം ചെയ്തത്.
സ്മൃതിയുടെ അടുത്ത സുഹൃത്തുക്കളും ഇന്ത്യൻ താരങ്ങളുമായ ജമീമ റോഡ്രിഗസ്, ശ്രേയാങ്ക പാട്ടീൽ എന്നിവർ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് പങ്കുവച്ച റീലുകളും സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്തു. ഞായറാഴ്ച വൈകിട്ടാണ് സ്മൃതിയും സംഗീത സംവിധായകൻ പലാശ് മുച്ഛലും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നത്. സ്മൃതിയുടെ ജന്മനാടായ മഹാരാഷ്ട്രയിലെ സംഗ്ലിയിലുള്ള ഫാം ഹൗസിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി ഹൽദി, സംഗീത് ആഘോഷങ്ങളും മാറ്റിവച്ചിരുന്നു.
ഞായറാഴ്ച രാവിലെയാണ് ശ്രീനിവാസ് മന്ഥനയെ ആശുപത്രിയിലേക്കു മാറ്റിയത്. പ്രഭാതഭക്ഷണം കഴിച്ചതിനു പിന്നാലെ ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയായിരുന്നു. ശ്രീനിവാസ് മന്ഥനയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സ്മൃതിയും ബന്ധുക്കളും ആശുപത്രിയിൽ തുടരുകയാണ്.
അതേസമയം സ്മൃതിയുടെ വരനായ പലാഷ് മുച്ചലിന് വിവാഹ വേദിയിൽവച്ച് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അണുബാധയും, കടുത്ത അസിഡിറ്റിയുമുണ്ടായതിനുപിന്നാലെയാണ് പലാഷിനെ ആശുപത്രിയിലെത്തിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ പലാഷ് സംഗ്ലിയിലെ ഹോട്ടലിൽ തുടരുകയാണ്. മാറ്റിവച്ച വിവാഹം എന്നാണു നടത്തുകയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.