ഫോര്‍മുല വണ്ണില്‍ മക്്ലാരന്‍ താരങ്ങളായ ലാന്‍ഡോ നോറിസും ഓസ്കര്‍ പിയാസ്ട്രിയും ലാസ് വേഗസ് റേസില്‍ നിന്ന് അയോഗ്യരാക്കപ്പെട്ടതോടെ, ബംപറടിച്ചത് റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പനാണ്. ഒന്നാമതുള്ള നോറിസും വെസ്റ്റാപ്പനും തമ്മിലുള്ള അകലം 24 പോയിന്റായി ചുരുങ്ങി. രണ്ട് റേസുകള്‍ മാത്രമാണ് സീസണില്‍ അവശേഷിക്കുന്നത്.
ലാസ് വെഗാസില്‍ രണ്ടാം ഗ്രിഡില്‍ മല്‍സരം തുടങ്ങി ഒന്നാമനായി ഫിനിഷ് ചെയ്തതോടെ കഴിഞ്ഞ നാല് റേസുകളില്‍ വെർസ്റ്റപ്പന്റെ രണ്ടാം വിജയവും കരിയറിലെ 69-ാം വിജയവുമാണ്. പോള്‍ പൊസിഷനില്‍ മല്‍സരം തുടങ്ങി ഒന്നാം ടേണില്‍ തന്നെ പിഴവുവരുത്തിയ ലാന്‍ഡോ നോറിസിന് വിലയായി നല്‍കേണ്ടിവന്നത് ഒന്നാം സ്ഥാനം. സഹതാരം ഓസ്കര്‍ പിയസ്ട്രി നാലാമനായാണ് ഫിനിഷ് ചെയ്തത്. എന്നാല്‍ മത്സരശേഷം എഫ്ഐഎ നടത്തിയ പരിശോധനയിൽ കാറുകളിലെ പ്ലാങ്ക് അസംബ്ലിയുടെ കനം അനുവദനീയമായതിലും കുറവാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്റ്റ്യുവർഡുകൾ ഇരുവരെയും അയോഗ്യരാക്കിയത്. ഇതോടെ ഇരുവര്‍ക്കും ലാസ് വെഗാസ് റേസില്‍ നിന്ന് ലഭിച്ച പോയിന്റ് നഷ്ടമായി. ഖത്തർ, അബുദാബി എന്നിവിടങ്ങളിലായി രണ്ട് റൗണ്ടുകൾ മാത്രം ശേഷിക്കേ പരമാവധി 58 പോയിന്റാണ് നേടാനുള്ളത്. നിലവില്‍ 390 പോയിന്റുമായി നോറിസ് ഒന്നാമതും 366 പോയിന്റ് വീതമുള്ള പിയസ്ട്രിയും വെര്‍സ്റ്റാപ്പനും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.