സ്‌കൂൾ ഒളിമ്പിക്സിൽ ജേതാക്കളാകുന്നവർക്ക് ലഭിക്കുക 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പ്. 916 പരിശുദ്ധിയിൽ 22 കാരറ്റിൽ മലബാർ ഗോൾഡ് ആന്‍റ് ഡയമണ്ട്സ് ആണ് സ്വർണകപ്പ് നിർമിച്ചത്. കഴിഞ്ഞ കായിക മേളയുടെ സമാപന സമ്മേളനത്തിൽ പ്രഖ്യാപിച്ച സ്വർണ കപ്പ്, ഇത്തവണ ജേതാക്കളിലേയ്ക്കെത്തുമ്പോൾ കലോത്സവത്തിനൊപ്പം കപ്പിൽ തുല്യതയൊരുക്കിയ മന്ത്രി വി.ശിവൻകുട്ടിയ്ക്കും അഭിമാനിക്കാം.
മലമ്പാതയിലൂടെ ഓടിത്തളർന്നും, വിയർപ്പുതുള്ളികൾ മണിമുത്തുകളാക്കിയുമാണ് ട്രാക്കിലും, ഫീൽഡിലും, മൈതാനങ്ങളിലും കുട്ടികൾ കനകം വിളിയിക്കുന്നത്. അവർ ജ്വലിപ്പിക്കുന്ന ആ തിളക്കം ഇത്തവണ കനകകപ്പിനുമുണ്ട്. തിരുവനന്തപുരംകാരൻ അഖിലേഷ് അശോകൻ രൂപകൽപ്പന ചെയ്ത കപ്പിന് മലബാർ ഗോൾഡ് ആന്‍റ് ഡയമണ്ട്സിന്‍റെ മൂശയിൽ, അവരുടെ തന്നെ കരകൗശല വിദഗ്ധരിലൂടെ പൂർണത. ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഗവർണർ ജേതാക്കൾക്ക് കപ്പ് സമ്മാനിക്കും.