മധ്യപ്രദേശിൽ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങളെ ആക്രമിച്ച അഖിൽ ഖാനെതിരെ ദേശ സുരക്ഷാനിയമം ചുമത്താൻ പൊലീസ്. ഓസ്ട്രേലിയൻ ടീം മാനേജ്മെന്‍റിന്‍റെ പരാതി പ്രകാരമാണ് നടപടി. അതേസമയം പുറത്തിറങ്ങുമ്പോൾ താരങ്ങൾ അറിയിക്കണമായിരുന്നു എന്ന മന്ത്രി കൈലാഷ് വിജയവർഗീയ യുടെ പ്രതിസ്താവനക്കെതിരെ പ്രതിഷേധം ശക്തമാണ്.
വ്യാഴാഴ്ച ഇൻഡോറിലെ ഹോട്ടലിൽ നിന്ന് കഫേയിലേക്ക് പോയ രണ്ട് ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങളാണ് ലൈംഗീകാതിക്രമത്തിന് ഇരയായത്. ഇതിൽ പ്രതിഷേധം ശക്തമായതോടെയാണ് മധ്യപ്രദേശ് പോലീസ് നടപടി കടുപ്പിച്ചത്. പ്രതി അഖിൽ ഖാന് എതിരെ ദേശ സുരക്ഷ നിയമം ചുമത്താനാണ് നീക്കം. അഖിൽ ഖാൻ കൊടും കുറ്റവാളിയാണ്. പീഡനം കൊലപാതകം ആയുധം ഉപയോഗിക്കൽ മോഷണം അടക്കം പത്തിലധികം ഗൗരവതരമായ കേസുകൾ ഇയാൾക്കെതിരായുണ്ട്. അമിതമായി മദ്യപിച്ചിരുന്ന ഇയാൾ താരങ്ങളെ ആക്രമിച്ചു. സുരക്ഷ വീഴ്ചയിൽ അന്വേഷണം തുടരുകയാണെന്നും അഡീഷ്ണൽ DCP രാജേഷ് ദണ്ഡോതിയ പ്രതികരിച്ചു. അതേസമയം താരങ്ങളെ കുറ്റപ്പെടുത്തി യായിരുന്നു മന്ത്രി കൈലാഷ് വിജയവർഗീയയുടെ പ്രതികരണം.
താരങ്ങൾക്കും അധികൃതർക്കും ഇതൊരു പാഠമാണെന്നും ഹോട്ടൽ മുറിയിൽനിന്ന് ഇറങ്ങിയ വിവരം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കണമായിരുന്നു എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ബിജെപിയുടെ തനിനിറമാണ് പുറത്തുവരുന്നതെന്നുംമന്ത്രി രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.