സംസ്ഥാന സ്കൂള്‍ ഒളിംപിക്സിലെ 200 മീറ്ററില്‍ റെക്കോഡുകളുടെ ചാകര. 200 മീറ്ററിലെ വിവിധ വിഭാഗങ്ങളില്‍ പിറന്നത് നാല് റെക്കോര്‍ഡുകള്‍. സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിന്‍റെ എസ്.ആന്‍വി 37 വര്‍ഷത്തെ റെക്കോര്‍ഡാണ് തകര്‍ത്തത്. സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററിലും സ്വര്‍ണം നേടി മലപ്പുറത്തിന്‍റെ ആദിത്യ അജി ട്രിപ്പിള്‍ സ്വര്‍ണം തികച്ചു.
സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ 37 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് പാലക്കാട് ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍റെ ആന്‍വി എസ് ആണ് റെക്കോഡ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഹീറ്റ്സില്‍ തന്നെ 26.30 സെക്കന്‍ഡെന്ന പഴയ റെക്കോഡ് ആന്‍വി മറികടന്നിരുന്നു. ഫൈനലില്‍ അത് ഒന്നുകൂടി മെച്ചപ്പെടുത്തി 24.25 കടനം പുറത്തെടുത്ത ആന്‍വി ഫൈനലില്‍ അത് മെച്ചപ്പെടുത്തി 25.67 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. അപ്പന്‍ഡിസൈറ്റിസ് വേദനയുമായി 100 മീറ്ററില്‍ സ്വര്‍ണം നേടി ഞെട്ടിച്ച കോഴിക്കോട് പൂല്ലൂരാംപാറ സ്കുളിന്‍റെ ദേവനന്ദ ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ റെക്കോഡോടെ സ്വര്‍ണം. വേദന കടിച്ചമര്‍ത്തിയുള്ള ആ നേട്ടം ദേവാനന്ദയ്ക്ക് വികാര നിര്‍ഭരമായിരുന്നു.
ജൂനിയര്‍ ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ നൂറ് മീറ്ററില്‍ റെക്കോഡോടെ സ്വര്‍ണം നേടിയ ആലപ്പുഴ ചാരമംഗലം ഗവണ്‍മെന്‍റ് ഡി.വി എച്ച്.എസ്.എസിലെ അതുല്‍ ടി.എം 200 മീറ്ററിലും ആവര്‍ത്തിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ റെക്കോഡ് ഇടുമെന്ന ഉറപ്പ് പാലക്കാട് ചിറ്റൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നിവേദ് കൃഷ്ണ പാലിച്ചു. നൂറ് മീറ്ററില്‍ മൈക്രോ സെക്കന്‍ഡുകള്‍ക്ക് റെക്കോഡ് നഷ്ടപ്പെട്ടപ്പോഴായിരുന്നു നിവേദിന്‍റെ ഉറപ്പ്.
സീനിയര്‍ പെണ്‍കുട്ടികളുടെ നൂറ് മീറ്ററിലും നൂറ് മീറ്റര്‍ ഹഡില്‍സിലും സ്വര്‍ണ നേടിയ മലപ്പുറം നാവാമുകുന്ദ സ്കൂളിലെ ആദ്യത്യ അജി 200 മീറ്ററിലും സ്വര്‍ണം നേടി ട്രിപ്പിള്‍ തികച്ചു. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നൂറ് മീറ്ററില്‍ സ്വര്‍ണം നേടിയ പുല്ലൂരാംപാറ സ്കൂളിന്‍റെ യു.പി സ്വദേശി സഞ്ജയ്ക്കാണ് 200 മീറ്ററിലും സ്വര്‍ണം.