സംസ്ഥാന സ്കൂള്‍ ഒളിംപിക്സില്‍ പ്രായത്തട്ടിപ്പ്. സീനിയര്‍ പെണ്‍കുട്ടികളുടെ 100, 200 മീറ്ററില്‍ അത്‌ലീറ്റിനെ വയസ് തിരുത്തി മല്‍സരിപ്പിച്ചു എന്നാണ് പരാതി. കോഴിക്കോട് പുല്ലൂരാംപാറ സ്കൂളിനായി മല്‍സരിച്ചത് വിദ്യാര്‍ഥിനിക്ക് 21 വയസുണ്ടെന്ന് തെളിയിക്കുന്ന രേഖ മനോരമ ന്യൂസിന് ലഭിച്ചു. ഉത്തര്‍പ്രദേശുകാരിയായ ജ്യോതി ഉപാധ്യായ 100, 200 മീറ്ററുകളില്‍ വെളളി നേടി.
കഴിഞ്ഞ ദിവസമാണ് 100, 200 മീറ്റർ മത്സരങ്ങൾ നടന്നത്. സീനിയർ പെൺകുട്ടികളുടെ 100 വിഭാഗത്തിൽ വെള്ളി നേടിയ പുല്ലൂരമ്പാറ സ്കൂൾ വിദ്യാർത്ഥിനി ജ്യോതി ഉപാധ്യായ എന്ന വിദ്യാർത്ഥിനിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സീനിയർ വിഭാഗത്തിലെ മത്സരം എന്നാല്‍ 19 വയസിന് താഴെയുള്ളവര്‍ക്ക് മാത്രമാണ് മല്‍സരിക്കാനാവുക. ഈ ഇനത്തിലാണ് 21 കാരിയായ ജ്യോതി മല്‍സരിച്ചത്. മല്‍സരങ്ങളില്‍ നാലാം സ്ഥാനത്തെത്തിയ തൃശൂര്‍ ആളൂര്‍ ആര്‍.എം എച്ച്എസ്എസും പാലക്കാട് ജില്ലാ ടീമുമാണ് പരാതി നല്‍കിയത്.
ഇന്ത്യന്‍ അത്ലറ്റിക്സ് ഫെഡറേഷന്‍റെ ഡാറ്റ് ബേസു പ്രകാരം 2004 മേയ് നാലാണ് ജ്യോതിയുടെ ജനന തീയതി. 21 വയസും അഞ്ച് മാസവും ഇരുപത്തിയൊന്ന് ദിവസവുമാണ് ജ്യോതിയുടെ പ്രായം. മല്‍സരത്തില്‍ ജ്യോതി ഉപാധ്യായയെ അയോഗ്യയാക്കുകയാണെങ്കില്‍ പരാതിപ്പെട്ട സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സ്വാഭാവികമായും മെഡൽ ലഭിക്കും.