കലൂർ സ്റ്റേഡിയം നവീകരണത്തിലുള്ള സ്പോൺസറുടെ താൽപര്യത്തിൽ ദുരൂഹത. അർജന്‍റീന മത്സരത്തിനു ശേഷവും സ്റ്റേഡിയത്തിൽ അവകാശം വേണമെന്നാണ് സ്പോൺസർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ആ ആവശ്യം അന്നേ തള്ളിയ ജിസിഡിഎ, വീണ്ടും മത്സരം കൊണ്ടുവന്നാൽ പരിഗണന മാത്രം നൽകാമെന്ന നിലപാടിലാണ്.

വിവിഐപി ഗാലറികൾ, ലൈറ്റിങ്, സ്റ്റേഡിയം ബലപ്പെടുത്തൽ, പുറമേയുള്ള അറ്റകുറ്റപ്പണികൾ. എല്ലാം ഉടൻ പൂർത്തിയാക്കും. അർജൻറീനയുടെ മത്സരത്തിനുശേഷം മറ്റ് രാജ്യാന്തര മത്സരങ്ങൾക്കും സ്റ്റേഡിയം ഉപയോഗിക്കാം. ഇതൊക്കെയായിരുന്നു സ്പോൺസറുടെ അവകാശവാദങ്ങൾ. എന്നാൽ, സ്റ്റേഡിയത്തിൽ തുടർന്നും അവകാശം വേണമെന്ന ആവശ്യവും സ്പോൺസർ സർക്കാറിനു മുന്നിൽ വച്ചിരുന്നു. 

ഗോട്ടി കളിയല്ല, വലിയ കളികൾ തന്നെയായിരുന്നു സ്പോൺസറുടെ ലക്ഷ്യമെന്ന് ഈ ആവശ്യത്തിൽ വ്യക്തം. എന്നാൽ ജിസിഡിഎ ഒരു മത്സരത്തിന് മാത്രമാണ് സ്റ്റേഡിയം വിട്ടുനൽകിയത്. മറ്റൊരു കരാറുമില്ലെന്നും, ആളുകൾക്ക് എന്തും ആവശ്യപ്പെടാമല്ലോയെന്നും എന്ന് ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻ പിള്ള മനോരമ ന്യൂസിനോട് പറഞ്ഞു.

നവംബറിൽ കളി നടക്കില്ലെന്ന് ഉറപ്പായതോടെ കലൂർ സ്റ്റേഡിയത്തിന്റെ നവീകരണവും താളം തെറ്റിയിട്ടുണ്ട്. പ്രതിദിനം രണ്ടായിരം തൊഴിലാളികളെ വച്ച് നവീകരണം വേഗത്തിലാക്കും എന്നായിരുന്നു സ്പോൺസറുടെ പ്രഖ്യാപനമെങ്കിലും, സ്റ്റേഡിയത്തിന് സമീപത്തെ മരം വെട്ടിയതും, അരമതിലും മെറ്റൽ നിരത്തിയതുമാണ് നിലവിൽ പൂർത്തിയായ പണി. അർജന്‍റീന മത്സരത്തെക്കുറിച്ചുള്ള സ്പോൺസറുടെ പല പ്രഖ്യാപനങ്ങളും സംശയത്തിനിടവരുത്തിയിരുന്നു. പക്ഷേ നേടാൻ ഉദ്ദേശിച്ചിരുന്ന കാര്യം ചെറുതൊന്നുമല്ലെന്നാണ് ഗ്രൗണ്ടിന് പുറത്ത് സ്പോൺസർ നടത്തിയ നീക്കത്തെക്കുറിച്ച് കേൾക്കുമ്പോൾ വ്യക്തമാകുന്നത്. 

ENGLISH SUMMARY:

Kaloor stadium renovation is facing scrutiny due to the sponsor's hidden agenda. The sponsor's demand for continued rights after the Argentina match has raised concerns, with GCDA only considering future matches.