alka-father

TOPICS COVERED

കഴിഞ്ഞ വർഷം കൊച്ചിയിൽ നടന്ന സ്കൂൾ ഒളിമ്പിക്സിൽ വ്യക്തിഗത ജേതാവായ കോഴിക്കോട് കുളത്തുവയൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി അൽക്ക മനോരമ ന്യൂസ് വഴി ഒരു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജമ്മുവിൽ സിആർപിഎഫ് ജവാനായ അച്ഛൻ ഷിനോജ് തന്റെ മത്സരങ്ങൾ കാണാൻ എത്തണമെന്ന്. ഈ വർഷത്തെ സ്കൂൾ ഒളിമ്പിക്സിൽ മത്സരിക്കാൻ എത്തിയപ്പോൾ അൽക്കയുടെ ആഗ്രഹം പൂവണിഞ്ഞു. 

മകളുടെ ആഗ്രഹം യാഥാർത്ഥ്യമാക്കാൽ സൈനികനായ അച്ഛൻ എത്തി. അങ്ങ് ജമ്മുവിൽ നിന്ന്. സബ് ജൂനിയർ പെൺകുട്ടികളുടെ 200 മീറ്റർ സ്റ്റാർട്ടിങ് പോയിന്റിലേക്ക് കണ്ണും നട്ട് ഗ്യാലറിയിൽ ആ അച്ഛനിരുന്നു. കൈ കൂപ്പി, കണ്ണടച്ച് പ്രാർത്ഥിച്ചു. മകൾ ഓട്ടം തുടങ്ങിയപ്പോൾ വെപ്രാളത്തോടെ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു. മകളെ പ്രോത്സാഹിപ്പിച്ചു. പ്രതീക്ഷിച്ച സ്വർണ്ണം വെള്ളിയായി പോയെങ്കിലും മകളുടെ പ്രകടനം നേരിൽ കണ്ടതിന്റെ സന്തോഷം ആ മുഖത്ത് പ്രകടം.

 സ്വർണം നേടാൻ ആകാത്തതിന്റെ വിഷമം അൽക്ക മറച്ചു വച്ചില്ല. അച്ഛൻ അവളെ ആശ്വസിപ്പിച്ചു. മകളുടെ മത്സരം കാണാൻ വേണ്ടി മാത്രം അവധിയെടുത്ത് വന്നതാണ് കോഴിക്കോട് കുളത്തുവയൽ സ്വദേശി ഷിനോജ്. ദേശീയ സ്കൂൾ ഗേയുംസ് മത്സരം കഴിയുന്നത് വരെ മകളോടൊപ്പം ഉണ്ടാകും.ചേർത്തുപിടിക്കും. മകളുടെ നേട്ടത്തിൽ അച്ഛന് പറയാനുള്ളത് സന്തോഷത്തിന്റെയും നന്ദിയുടെയും വാക്കുകളാണ്.

ENGLISH SUMMARY:

School Olympics victory is a cherished achievement for young athletes. Witnessing her father's presence boosted Alka's spirit despite the outcome, highlighting the importance of family support in sports.