ലയണൽ മെസിയും അർജന്റീന ടീമും നവംബറിൽ കേരളത്തിൽ എത്തില്ലെന്ന് വ്യക്തമായതിന് പിന്നാലെ പ്രതിരണവുമായി കായിക മന്ത്രി വി. അബ്ദുറഹിമാൻ രംഗത്ത്. ഫിഫയില്‍ ഇത്ര വലിയ പ്രശ്നങ്ങളുണ്ടാകാന്‍ കാരണം നമ്മുടെ സുഹൃത്തുക്കള്‍ തന്നെ ഫിഫയ്ക്ക് മെയിലയക്കുന്നതുകൊണ്ടാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യം അര്‍ജന്‍റീനയില്‍ നിന്നുള്ള ബന്ധപ്പെട്ട ആളുകള്‍ വന്നു. അവരിവിടെ പരിശോധിച്ച് എല്ലാം തൃപ്തികരമാണെന്ന് പറഞ്ഞ് പോയതാണ്. അതിന് ശേഷം നമ്മുടെ ആളുകള്‍ തന്നെ മെസിയുടെ വരവിനെ തടയാനായി പല കരണങ്ങളും പറഞ്ഞ് അവര്‍ക്ക് മെയിലയക്കുകയാണ്. അപ്പോള്‍ ഇതിനെ തടയുന്നതും, നിരവധി മെയിലുകള്‍ അയക്കുന്നതും ഇവിടുന്ന് തന്നെയാണെന്ന് മനസിലാക്കണമെന്നും മന്ത്രി വ്യക്തമാക്കുന്നു. 

നവംബറിൽ അർജന്റീനയുടെ ഏക മത്സരം അംങ്കോളയിലായിരിക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു. പിന്നാലെ മല്‍സരം നടത്താൻ ഫിഫ അനുമതി ലഭിച്ചില്ലെന്ന് മുഖ്യ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് എം.ഡി. ആന്റോ അഗസ്റ്റിൻ‌ സമ്മതിച്ചു.

നവംബറിൽ അർജന്റീന കളിക്കുന്നത് ഒരേയൊരു സൗഹൃദ മത്സരം. അത് നവംബർ 14 ന് അഗോളയിൽ. ഇത് ശരിവച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ സ്ഥിരീകരണവും വന്നു. 

കൊച്ചിയിൽ അർജന്റീനയുടെ എതിരാളി ആകേണ്ടിയിരുന്ന ഓസ്ട്രേലിയക്ക് നവംബറിൽ ഉള്ളത് രണ്ട് മത്സരങ്ങൾ. ആദ്യത്തേത് നംവംബർ 14ന്. എതിരാളി വെനസ്വലേ. രണ്ടാം മത്സരം നവംബർ 18ന്. എതിരാളി കൊളംബിയ. വേദി അമേരിക്കയും. അങ്ങനെ അവകാശവാദങ്ങൾ ഒന്നൊന്നായ പൊളിഞ്ഞതോടെയാണ് മത്സരത്തിന് ഫിഫ അനുമതി ഇല്ലെന്ന് സ്പോൺസർ സമ്മതിച്ചത്. രാജ്യാന്തര സൗഹൃദ മത്സര നടത്തിപ്പിനെക്കുറിച്ചോ, നിയമാവലിയെക്കുറിച്ചോ സ്പോൺസർക്ക് ഒരുധാരണയുമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഫിഫ അനുമതി ലഭിച്ചില്ലെന്ന സ്പോൺസറുടെ സമ്മതം. 

ഫിഫ പ്രതിനിധി മത്സര വേദി സന്ദർശിക്കുന്നതിന് മുൻപെ സ്പോൺസർ മത്സരതീയതിയും, അർജന്റീന ടീമിനെയും പ്രഖ്യാപിച്ചിരുന്നു. മാർച്ചിൽ മല്‍സര സാധ്യത പരിഗണിക്കും എന്നാണ് ഇപ്പോൾ സ്പോൺസർ പറയുന്നത്. എന്നാൽ ലോകകപ്പ് അടുത്തിരിക്കുന്നതിനാൽ അതിനുള്ള സാധ്യത വിരളമാണെന്ന് ഫുട്ബോൾ വിദഗ്ധർ പറയുന്നു. അതേസമയം കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തികൾ തുടരുകയാണ്.

ENGLISH SUMMARY:

Lionel Messi's Kerala visit has been cancelled. Sports Minister V. Abdurahiman reacted to the cancellation, stating that some individuals were sending emails to FIFA, obstructing the match from happening.