അധികം സ്വപ്നമൊന്നും ഉണ്ടായിരുന്നില്ല അഭിനവിന്. പഠിക്കണം മുന്നേറണം അത്രമാത്രം. ഒരൊറ്റ മുളവടി പക്ഷെ അവനെ സ്വപ്നം കാണാൻ പഠിപ്പിച്ചു, ഉയരം തൊടാൻ പ്രേരിപ്പിച്ചു. മാനന്തവാടി അഗ്രഹാരം ഊരിൽ നിന്ന് തിരുവനന്തപുരത്തെ കൗമാര ട്രാക്കിലേക്ക് അഭിനവ് താണ്ടിയ മുന്നേറ്റം ചെറുതല്ല
സാമ്പത്തിക പ്രതിസന്ധി, പരിശീലിക്കാനുള്ള പശ്ചാത്തല കുറവ്. എല്ലാം അലട്ടിയെങ്കിലും അവൻ തളർന്നില്ല. നൂറുമേനി പിന്തുണ നൽകി പ്രിയപ്പെട്ട അധ്യാപകന്റെ ചേർത്ത് നിർത്തലിൽ വയനാട് ജില്ലാ കായിക മേളയിൽ പോൾവാൾട്ടിൽ അവൻ സ്വർണം നേടി. ചെത്തിമിനുക്കിയൊരുക്കിയ ആ മുളവടി മണ്ണിൽ കുത്തി അവൻ ഉയരം കീഴടക്കി.
അഭിനവിന്റെ തളരാത്ത പോരാട്ട വീര്യം നേരിട്ടറിഞ്ഞാണ് മന്ത്രി കേളു അവനു പോൾവാൾട്ട് സമ്മാനിച്ചത്. അതും മുറുക്കേ പിടിച്ച് അവൻ തിരുവനന്തപുരത്തേക്ക് വണ്ടി കയറി, പോരാടി. ആദ്യമായി പോൾവാൾട്ട് ഉപയോഗിക്കുന്നതിന്റെ പരിചയകുറവ് മറികടന്നു അവൻ. ആഗ്രഹിച്ച നേട്ടത്തിലേക്ക് എത്തിനായില്ലെങ്കിലും മികച്ച മുന്നേറ്റം കാഴ്ചവെക്കാൻ ആയി, നിരാശയുണ്ടെങ്കിലും അടുത്ത തവണ അത് നേടും എന്നായിരുന്നു അഭിനവിന്റെ ഉറച്ച മറുപടി മറികടക്കാനുള്ള ഉയരമത്രയും അളന്നു തിട്ടപ്പെടുത്തിയാണ് അവൻ തിരിച്ച് ചുരം കയറുന്നത്. അടുത്ത വട്ടം വെന്നിക്കെടി പാറിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ. കണ്ടുനിന്നവരൊക്കെ പറഞ്ഞതുപോലെ ഈ സ്കൂൾ ഒളിംപിക്സിലെ പങ്കാളിത്തത്തിനു തന്നെ സ്വർണത്തിന്റെ തിളക്കവും പകിട്ടുണ്ട്.