തലസ്ഥാനനഗരി ആതിഥേയത്വം വഹിക്കുന്ന അറുപത്തി ഏഴാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്കുള്ള കലവറ നിറയ്ക്കൽ തുടങ്ങി. കുരുന്നുകള്‍ വീടുകളില്‍ നിന്നും എത്തിച്ച വിഭവങ്ങൾ കായിക മികവുകാരുടെ രുചിഭേദങ്ങളുടെ ഭാഗമാവും. പട്ടം ഗേൾസ് ഹൈസ്കൂളിൽ മന്ത്രി വി.ശിവൻകുട്ടി കലവറയിലേക്കുള്ള വിഭവങ്ങൾ സ്വീകരിച്ചു.
വേഗക്കുതിപ്പിനും, ഉയരെച്ചാട്ടത്തിനും, നീന്തിക്കയറാനും തയാറെടുക്കുന്ന കൂട്ടുകാർക്ക് നിലവാരമുള്ള ഭക്ഷണം വേണം. പോഷകാഹാരം നിറയ്ക്കണം. കൂട്ടുകാർക്ക് കുഞ്ഞു മനസിന്‍റെ കൈത്തലം സ്നേഹം പങ്കിടും പോലെ വിഭവങ്ങൾ ഓരോന്നായി. അരിയും, പയറും, കടലയും, ശർക്കരയും, പെരുമയുള്ള പെരുങ്കായവും വരെ കുരുന്നുകൾ വീടുകളിൽ നിന്നെത്തിച്ചു. ഒരേയൊരു ലക്ഷ്യം മാത്രം. കായിക ഭൂപടത്തിൽ അടയാളമാകാൻ വരുന്നവരെ കൈ നീട്ടി സ്വീകരിച്ച് കരുത്തോടെ തിരിച്ചയയ്ക്കണം.
ഈ മാസം 21 മുതല്‍ 27 വരെയാണ് സംസ്ഥാന സ്കൂൾ കായിക മേള. സെൻട്രൽ സ്റ്റേഡിയം, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം ഉൾപ്പെടെ 12 മൈതാനങ്ങൾ. ഇരുപത്തി അയ്യായിരം കഴിയും കുരുന്നുകളുടെ പങ്കാളിത്തം. കലവറയുടെ നിറവ് തെളിഞ്ഞതോടെ കായിക കുതിപ്പ് വേദികളിലും കരുത്ത് നിറയുകയാണ്.