ആർ ആർ കാബെൽ പ്രൈം വോളിബോൾ ലീഗിന്റെ നാലാം സീസണിൽ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് ഹീറോസ് സെമി ഫൈനൽ കാണാതെ പുറത്തായി. ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗളൂരു ടോർപ്പിഡോസിനോട് 5 സെറ്റ് നീണ്ട തകർപ്പൻ പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുകയായിരുന്നു. സ്കോർ: 20-18, 20-18, 7-15, 11-15, 15-12. ബെംഗളൂരു ടോർപ്പിഡോസ് ആദ്യ രണ്ട് സെറ്റുകൾ  നേടി മുന്നിലെത്തിയെങ്കിലും, ശക്തമായി തിരിച്ചടിച്ച കാലിക്കറ്റ് ഹീറോസ് അടുത്ത രണ്ട് സെറ്റുകൾ സ്വന്തമാക്കി മത്സരം നിർണായകമായ അഞ്ചാം സെറ്റിലേക്ക് എത്തിച്ചു. എന്നാൽ, അവസാന സെറ്റിൽ ബെംഗളൂരു വിജയം ഉറപ്പിച്ചു.

തോറ്റെങ്കിലും കാലിക്കറ്റിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത ഷമീമുദ്ദീൻ ആണ് കളിയിലെ താരം. സീസണിൽ ബംഗളൂരുവിന്റെ തുടർച്ചയായ അഞ്ചാം ജയമാണിത്. 13 പോയിന്റോടെ പട്ടികയിലും ഒന്നാമതെത്തി. ഇന്ന് നേരിട്ടുള്ള സെറ്റുകൾക്ക് മത്സരം ജയിച്ചിരുന്നെങ്കിൽ  ഹീറോസിന് സെമി സാധ്യത നിലനിർത്താമായിരുന്നു. ഒക്ടോബർ 19ന് കൊച്ചി ബ്ലൂ  സ്പൈക്കേഴ്സുമായാണ് കാലിക്കറ്റ് ഹീറോസിന്റെ അടുത്ത മത്സരം.

ബെംഗളൂരുവിന് വേണ്ടി സേതു ടി.ആർ ആണ് ആദ്യ രണ്ട് സെറ്റുകളിൽ ആക്രമണം നയിച്ചത്. ജോയൽ ബെഞ്ചമിൻ, യാലൻ പെൻറോസ് എന്നിവരും വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. അവസാന സെറ്റിൽ യാലൻ്റെ പവർ സ്പൈക്കാണ് വിജയം ഉറപ്പാക്കിയത്. ഷമീമുദ്ദീൻ്റെ തകർപ്പൻ ബ്ലോക്കിങ് മികവും, സന്തോഷ്, തരുഷ ചമത്ത് എന്നിവരുടെ പ്രകടനങ്ങളുമാണ് കാലിക്കറ്റ് ഹീറോസിന് രണ്ട് സെറ്റുകൾ നേടി കൊടുക്കുന്നതിൽ നിർണായകമായത്. വികാസ് മാൻ, ശിവനേശൻ എന്നിവരും നിർണായക നിമിഷങ്ങളിൽ പോയിന്റുകൾ നേടി.

തോറ്റെങ്കിലും രണ്ട് സെറ്റുകൾ നേടിയതിനാൽ ഈ മത്സരത്തിലൂടെ സീസണിലെ ആദ്യ പോയിൻ്റ് നേടാൻ കാലിക്കറ്റ് ഹീറോസിനായി. പ്രമുഖ ഇന്ത്യൻ ബാഡ്മിന്റൺ താരം എച്ച്.എസ്. പ്രണോയ് മത്സരം കാണാൻ ഗച്ചിബൗളി സ്റ്റേഡിയത്തിൽ എത്തിയിരുന്നു.

ENGLISH SUMMARY:

Prime Volleyball League witnessed Calicut Heroes' exit from the semi-finals after a defeat against Bengaluru Torpedoes. This loss marks a significant turn in the league as Bengaluru secures its position with a strong performance.