ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ ചെന്നൈ ബ്ലിറ്റ്‌സിനതിരെ കൊൽക്കത്ത തണ്ടർബോൾട്‌സിന് ആധികാരിക ജയം. സ്‌കോർ: 15–11, 15–12, 15–13. ജിതിൻ എൻ ആണ്‌ കളിയിലെ താരം. 

പങ്കജ്‌ ശർമയിലൂടെ മികച്ച തുടക്കമാണ് കൊൽക്കത്തയ്ക്ക് ലഭിച്ചത്. എന്നാല്‍ ചെന്നൈക്കായി ജെറോം വിനീത്‌ തന്‍റെ മാന്ത്രിക പ്രകടനം പുറത്തെടുത്തതോടെ പോര് മുറുകി. മാർടിൻ ടക്കാവറിലൂടെ മിഡിൽ സോൺ ലക്ഷ്യമാക്കി ആക്രമണം. പരിചയ സമ്പത്തുള്ള കളിക്കാരുടെ കുറവ്‌ ചെന്നൈയെ ബാധിക്കുകയും ചെയ്തു.

അതിനിടെ ലിബെറോ ശ്രീകാന്തിന്റെ കളത്തിലെ മെയ്‌വഴക്കം ചെന്നൈ കാണികളെ ആവേശത്തിലാഴ്‌ത്തി. കളി ഒപ്പത്തിനൊപ്പമെത്തിക്കാന്‍ ശ്രീകാന്തിന്‌ കഴിഞ്ഞു. പക്ഷേ, അശ്വൽ റായിയുടെ നിർണായക സമയത്തുള്ള സൂപ്പർ പോയിന്റ്‌ കൊൽക്കത്തയെ മുന്നിലെത്തിച്ചു. ലൂയിസ്‌ ഫിലിപ്പെ പെറോറ്റോയെ കിടിലൻ ബ്ലോക്കിലൂടെ തടയുകയായിരുന്നു.

പതിവിന്‌ വിപരീതമായി ചെന്നൈ പ്രതിരോധത്തില്‍ ശോഭിക്കാനായില്ല. കൊൽക്കത്തയ്ക്ക് അനായാസം വിടവുകൾ കണ്ടെത്തി പോയിന്റ്‌ നേടാൻ കഴിഞ്ഞു. ജെറോമിന്റെ ഒറ്റയാൾ പോരാട്ടമാണ്‌ അവർക്ക്‌ അൽപ്പമെങ്കിലും ഉ‍ൗർജം പകർന്നത്‌. കൊൽക്കത്തയുടെ പ്രതിരോധം ശക്തമായിരുന്നു. ഇതോടെ ചെന്നൈക്ക്‌ കാര്യങ്ങൾ ഒട്ടും അനുകൂലമായില്ല.

എല്ലാ മേഖലയിലും കൊൽക്കത്ത തിളങ്ങി. സെറ്ററായി ജിതിനും ബ്ലോക്കറായി മുഹമ്മദ്‌ ഇക്‌ബാലും മിന്നി. അശ്വലിന്റെ ഓൾ റ‍ൗണ്ട്‌ പ്രകടനം കൂടിയായപ്പോൾ കളി പൂർണമായും കൊൽക്കത്തയുടെ കൈയിലായി. അവസാന നിമിഷമെത്തിയ സൂര്യാൻഷ്‌ തോമർ നടത്തിയ വെടിക്കെട്ടോടെ സീസണിലെ രണ്ടാം ജയം കൊൽക്കത്ത സ്വന്തം പേരിലാക്കി.

ENGLISH SUMMARY:

Prime Volleyball League witnessed Kolkata Thunderbolts securing a dominant victory against Chennai Blitz in the RR Kabel Prime Volleyball League Season 4. Jithin N's stellar performance led Kolkata to a straight-sets win.