prime-volley-league

ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് മൂന്നാം തോല്‍വി. ശനിയാഴ്ച്ച നടന്ന മത്സരത്തില്‍ ബെംഗളൂരു ടോര്‍പിഡോസിനോടാണ് തോറ്റത്. സ്‌കോര്‍: 15-13, 15-17, 9-15, 12-15. മാറ്റ് വെസ്റ്റാണ് കളിയിലെ താരം. ഇതുവരെ ഒരു മത്സരം മാത്രമാണ് കൊച്ചിക്ക് ജയിക്കാനായത്.

സി.കെ അഭിഷേകിന്റെ മിന്നുന്ന ആക്രമണ നീക്കങ്ങളിലൂടെ തകര്‍പ്പന്‍ തുടക്കമായിരുന്നു കൊച്ചിയുടേത്. എന്നാല്‍ ബെംഗളൂരു വിട്ടുകൊടുത്തില്ല. സേതുവിന്റെ സൂപ്പര്‍ സെര്‍വിലൂടെ അവര്‍ തിരിച്ചെത്തി. ക്യാപ്റ്റനും സെറ്ററുമായ മാത്യു വെസ്റ്റ് സഹതാരങ്ങള്‍ക്ക് മികച്ച രീതിയില്‍ അവസരമൊരുക്കിയതോടെ കളി ബെംഗളൂരുവിന് അനുകൂലമായി. നിതിന്‍ മന്‍ഹാസാണ് ബംഗളൂരു ബ്ലോക്കര്‍മാരില്‍ തിളങ്ങിയത്. നിര്‍ണായക സൂപ്പര്‍ പോയിന്റ് സമ്മാനിച്ചത് നിതിനായിരുന്നു. ഇതിനിടെ തന്ത്രപരമായ റിവ്യൂവിലൂടെ കൊച്ചി കളി കൈവിടാതെ സൂക്ഷിച്ചു.

എറിന്‍ വര്‍ഗീസായിരുന്നു കൊച്ചിയുടെ ആയുധം. പക്ഷേ, ജോയെല്‍ ബെഞ്ചമിനും യാലെന്‍ പെന്റോസും ബെംഗളൂരുവിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ കൊച്ചി സമ്മര്‍ദത്തിലായി. ഇതിനിടെ സെറ്റര്‍ ബയ്‌റണ്‍ കെറ്റുറാകിസ് പരിക്കേറ്റ് മടങ്ങിയത് കൊച്ചിയുടെ താളം തെറ്റിച്ചു. 

ഞായറാഴ്ച രണ്ട് മത്സരങ്ങളാണുണ്ട്. ആദ്യ ജയം തേടി നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് ഹീറോസ് ഡല്‍ഹി തൂഫാന്‍സിനെ നേരിടും, വൈകിട്ട് 6.30നാണ് കളി. കഴിഞ്ഞ മൂന്ന് മത്സരത്തിലും കാലിക്കറ്റിന് തോല്‍വിയായിരുന്നു. രാത്രി 8.30ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും ഹൈദരാബാദ് ബ്ലാക്‌ഹോക്‌സും ഏറ്റുമുട്ടും.

പ്രൈം വോളിബോള്‍ ലീഗില്‍ ശനിയാഴ്ച്ച കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും ബെംഗളൂരു ടോര്‍പ്പിഡോസും നടന്ന മത്സരത്തില്‍ നിന്ന്

ENGLISH SUMMARY:

Prime Volleyball League witnessed Kochi Blue Spikers' third defeat in the fourth season against Bengaluru Torpedoes. The team suffered a 15-13, 15-17, 9-15, and 12-15 loss to Bengaluru.