prime-volley

ആര്‍ ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗിന്റെ നാലാം സീസണില്‍ മുംബൈ മിറ്റിയോഴ്‌സിന്റെ വിജയക്കുതിപ്പിന് തടയിട്ട് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്. നാല് സെറ്റ് പോരാട്ടത്തിലാണ് ജയം (12-15, 15-7, 15-12, 21-20). നന്ദഗോപാലാണ് കളിയിലെ താരം. 12 പോയിന്റുമായി അഹമ്മദാബാദ് രണ്ടാമതെത്തി. മുംബൈ മൂന്നാമതായി. ആദ്യ സെറ്റില്‍ അഹമ്മദാബാദ് മികച്ച തുടക്കം നേടി. മുത്തുസ്വാമി അപ്പാവു അവസരമൊരുക്കിയപ്പോള്‍ നന്ദഗോപാല്‍ കിടയറ്റ അറ്റാക്കിലൂടെ അഹമ്മദാബാദിന് പോയിന്റുകള്‍ നല്‍കി. അഭിനവും മിന്നി. മറുവശത്ത് വിടവുകള്‍ കണ്ടെത്തി മുംബൈ ആക്രമിച്ചു. 

മത്തിയാസ് ലോഫ്‌റ്റെന്‍സസിന്റെ സൂപ്പര്‍ സെര്‍വിലൂടെയായിരുന്നു തുടക്കം. പീറ്റര്‍ ഒസ്റ്റവിക് രണ്ട് തവണ അംഗമുത്തുവിനെ ബ്ലോക്ക് ചെയ്തു. പിന്നാലെ മറ്റൊരു സൂപ്പര്‍ സെര്‍വിലൂടെ മുംബൈ ആദ്യ സെറ്റ് പിടിച്ചു. രണ്ടാം സെറ്റില്‍ അഹമ്മദാബാദ് കളി മാറ്റി. ബട്ടുര്‍ ബറ്റ്‌സുറിയുടെ പ്രത്യാക്രമണമാണ് കണ്ടത്. മുംബൈ പ്രതിരോധത്തെ സമ്മര്‍ത്തിലാക്കി അംഗമുത്തുവും തൊടുക്കാന്‍ തുടങ്ങി. ഇതിനിടെ നന്ദയുടെ സൂപ്പര്‍ സ്‌പൈക്കില്‍ അഹമ്മദാബാദ് സൂപ്പര്‍ പോയിന്റും നേടി. കളി മുറുകി. 

ബറ്റ്‌സുറിയും അംഗമുത്തുവും നിരന്തരം ആക്രമണം നടത്തിയതോടെ കളി അഹമ്മദാബാദിന്റെ കൈയിലായി. പിന്നിലായതോടെ മുംബൈ ബ്ലോക്കര്‍ കാര്‍ത്തികിനെ രംഗത്തിറക്കി. സൂപ്പര്‍ സെര്‍വിലൂടെ കാര്‍ത്തിക് ഉടന്‍തന്നെ കളിയില്‍ സ്വാധീനമുണ്ടാക്കി. പിന്നാലെ നിഖിലിന്റെ ഇടംകൈ സ്‌പൈക്ക് മുംബൈക്ക് പ്രതീക്ഷ പകര്‍ന്നു. പക്ഷേ, നന്ദ വിട്ടുകൊടുത്തില്ല. ഒന്നാന്തരം സെര്‍വിലൂടെ നന്ദ അഹമ്മാബാദിനെ ട്രാക്കിലെത്തിച്ചു. ആവേശകരമായ നാലാം സെറ്റില്‍ ലീഡും നേടി. ഒടുവില്‍ ലോഫ്‌റ്റെന്‍സിന്റെ തകര്‍പ്പന്‍ അടി ബ്ലോക്ക് ചെയ്തു അംഗമുത്തു കളി അഹമ്മദാബാദിന്റെ പേരിലാക്കി.

ഇന്ന് രണ്ട് മത്സരങ്ങളാണ്. വൈകിട്ട് 6.30ന് ഡല്‍ഹി തൂഫാന്‍സും ഗോവ ഗാര്‍ഡിയന്‍സും ഏറ്റുമുട്ടും.  രണ്ടാം ജയം തേടി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും കാലിക്കറ്റ് ഹീറോസ് ഏറ്റുമുട്ടും. കഴിഞ്ഞ സീസണില്‍ കേരളടീമുകള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 3-1ന് കാലിക്കറ്റിനായിരുന്നു ജയം. നാലാം സീസണില്‍ നിരാശപ്പെടുത്തിയ ഇരുടീമുകള്‍ക്കും നിലവില്‍ 4 പോയിന്റ് വീതമാണുള്ളത്, കാലിക്കറ്റ് ഏറ്റവും അവസാന സ്ഥാനത്തും കൊച്ചി 9ാം സ്ഥാനത്തുമാണ്. നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് ഹീറോസിന് ഇന്ന് അവസാന മത്സരമാണ്, ടീം നേരത്തേ സെമിഫൈനല്‍ കാണാതെ പുറത്തായിരുന്നു.

ENGLISH SUMMARY:

Prime Volleyball League witnessed Ahmedabad Defenders halting Mumbai Meteors' winning streak in a four-set thriller. The victory propelled Ahmedabad to second place with 12 points, while Mumbai slipped to third.