Image: PTI
ഡല്‍ഹി ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ തൂക്കിയടിച്ച് ഇന്ത്യ. ആദ്യദിനം കളിയവസാനിച്ചപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെന്ന ശക്തമായ നിലയിലാണ് ഇന്ത്യ. 173 റണ്‍സുമായി ഓപ്പണര്‍ യശസ്വി ജയ്സ്വാളും 20 റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍. യശസ്വി ജയ്സ്വാളിന്‍റെ അപരാജിത സെഞ്ചുറിയുടെയും സായ് സുദര്‍ശന്‍റെ അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യന്‍ ഇന്നിങ്സിലെ ഹൈലൈറ്റ്. 38 റൺസെടുത്ത കെ എല്‍ രാഹുലിന്‍റെയും 87 റണ്‍സെടുത്ത സായ് സുദര്‍ശന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യദിനം നഷ്ടമായത്. ജയ്സ്വാള്‍ – സായി സുദര്‍ശന്‍ സഖ്യം രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയ 193 റണ്‍സാണ് ഇന്ത്യയ്ക്ക് കരുത്തായത്.
നായകനായ ശേഷം ആദ്യമായി ടോസ് വിജയിച്ച ഗില്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കെ എല്‍ രാഹുലും യശസ്വി ജയ്സസ്വാളും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 58 റൺസടിച്ച് നല്ല തുടക്കമാണ് നല്‍കിയത്. ജയ്സ്വാള്‍ തുടക്കത്തില്‍ കരുതലോടെ കളിച്ചപ്പോള്‍ രാഹുലാണ് സ്കോറുയര്‍ത്തിയത്. 54 പന്തിൽ 38 റൺസടിച്ച രാഹുലിനെ ജോമല്‍ വരികാന്‍ പുറത്താക്കി. പിന്നാലെയെത്തിയ സായ്, ജയ്‍സ്വാളിനൊപ്പം ക്രീസില്‍ ഉറച്ചതോടെ ഇന്ത്യൻ സ്കോർ ബോർഡ് അതിവേഗം ചലിച്ചു.
145 പന്തില്‍ നിന്നാണ് ജയ്സ്വാള്‍ കരിയറിലെ ഏഴാം സെഞ്ചുറി നേടിയത്. ടെസ്റ്റിൽ രണ്ടാം അർധസെഞ്ചറിയാണ് സായ് നേടിയത്. മൂന്നാം സെഷനിൽ, വരികാന് വിക്കറ്റ് സമ്മാനിച്ചതോടെ ടെസ്റ്റിലെ കന്നി സെഞ്ചറി സെഞ്ചറി വെറും 13 റൺസകലെ നഷ്ടമാകുകയായിരുന്നു. പിന്നീടെത്തിയ ഗില്ലും ജയ്‍സ്വാളിന് ഉറച്ച പിന്തുണ നൽകിയതോടെ ഇന്ത്യൻ സ്കോർ 300 കടന്നു.