ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടത്തോടെ ലോക പാരാ അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍, രാജ്യത്തിന്‍റെ അഭിമാനതാരങ്ങള്‍ക്ക് അഭിനന്ദനപ്രവാഹം തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ളവരാണ് പാരാ അത്‌ലറ്റിക് താരങ്ങളെ പ്രശംസിച്ച് എത്തിയത്.
രാജ്യം അതിഥേയത്വം വഹിച്ച ചാംപ്യന്‍ഷിപ്പിന് രാജ്യതലസ്ഥാനം വേദിയൊരുക്കിയപ്പോള്‍ ഇന്ത്യയുടെ അക്കൗണ്ടില്‍ വീണത് 22 മെഡലുകള്‍. ആറ് സ്വര്‍ണം, ഒന്‍പത് വെള്ളി, ഏഴ് വെങ്കലം. മെഡല്‍ പട്ടികയില്‍ പത്താം സ്ഥാനം കഴിഞ്ഞ വര്‍ഷം ജപ്പാനിലെ കോബെയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ 17 മെഡലുകളാണ് ഇന്ത്യന്‍ സംഘം നേടിയത്. മികച്ച മുന്നൊരുക്കത്തോടെ ഇത്തവണ ഇറങ്ങിയ ടീം ഇന്ത്യയ്ക്ക് അതിനൊത്ത നേട്ടം. ജാവലിന്‍, ഡിസ്കസ് ഉള്‍പ്പടെയുള്ള ത്രോ ഇനങ്ങളിലാണ് ഇന്ത്യന്‍ സംഘം മികച്ച പ്രകടനം പുറത്തെടുത്തത്. 12 മെഡലുകള്‍, അതില്‍ മൂന്ന് സ്വര്‍ണവും. ട്രാക്ക് ഇനങ്ങളില്‍ കരുത്തായത് പ്രീതി പാലിന്‍റെയും സിമ്രാന്‍ ശര്‍മയുടെയും ഇരട്ട മെഡല്‍ നേട്ടങ്ങള്‍.
ചരിത്രനേട്ടത്തിന് പിന്നാലെ അഭിനന്ദനവുമായി പ്രധാനമന്ത്രി. ഇന്ത്യന്‍ സംഘത്തിലെ ഓരോ അംഗത്തെക്കുറിച്ചും തനിക്ക് അഭിമാനമുണ്ട്. ഈ നേട്ടം, രാജ്യത്തെ നിരവധിപേര്‍ക്ക് പ്രചോദനമാകും. ചാംപ്യന്‍ഷിപ്പിന് അതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞതിലും സന്തോമുണ്ടെന്ന് മോദി എക്സില്‍ കുറിച്ചു. 73 അംഗ ഇന്ത്യന്‍ സംഘത്തിലെ താരങ്ങള്‍ ഏഴ് ഏഷ്യന്‍ റെക്കോര്‍ഡുകളും 30ല്‍ അധികം മികച്ച വ്യക്തിഗത പ്രകടനങ്ങളും ചാംപ്യന്‍ഷിപ്പില്‍ കുറിച്ചു. 15 സ്വര്‍ണവുമായി ബ്രസീലാണ് പട്ടികയില്‍ ആദ്യമുള്ളത്. 52 മെഡലുകളുമായി, ആകെ മെഡലുകളുടെ എണ്ണത്തില്‍ ചൈന മുന്നിലെത്തി.