2017 ചാംപ്യന്‍സ് ട്രോഫി ഫൈനലിന് സമാനമായി ഏഷ്യാ കപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ ബാറ്റിങ്ങിനയച്ച് ഇന്ത്യ. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 2017ല്‍ ടോസ് നേടിയ വിരാട് കോലി പാക്കിസ്ഥാനെ ബാങ്ങിങ്ങിനയയ്ക്കുകയായിരുന്നു. എന്നാല്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് ഇന്ത്യ അന്ന് ഏറ്റുവാങ്ങിയത്. ഐസിസി ടൂര്‍ണമെന്‍റില്‍ ആദ്യമായി ഇന്ത്യ അന്ന് അയല്‍ക്കാരോട് തോറ്റു. 180 റണ്‍സിനാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്.
ഓപ്പണര്‍ ഫഖര്‍ സമാന്‍റെ സെഞ്ചറിക്കരുത്തില്‍ പാക്കിസ്ഥാന്‍ നേടിയത് 338 റണ്‍സ്. ഇന്ത്യയുടെ പോരാട്ടം വെറും 158 റണ്‍സില്‍ അവസാനിച്ചു. ധോണിയും രോഹിത്തും കോലിയും യുവരാജുമൊക്കെയടങ്ങിയ പേരുകേട്ട ബാറ്റിങ് നിര പാക് ബോളര്‍മാര്‍ക്കു മുന്നില്‍ അടിയറവ് പറഞ്ഞു. അന്ന് 76 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്കോററായ ഹര്‍ദിക് പാണ്ഡ്യ പരുക്കുമൂലം ഇന്ന് കളിക്കുന്നില്ല. ചാംപ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ തോല്‍പിച്ചിരുന്നു. 124 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഇത്തവണ ഗ്രൂപ്പ് മത്സരത്തിലും സൂപ്പര്‍ ഫോറിലും അയല്‍ക്കാരെ അടിയറവ് പറയിച്ചു. അതേ ചരിത്രം ഇന്ന് വീണ്ടും ആവര്‍ത്തിക്കുമോയെന്നാണ് ഇന്ത്യന്‍ ആരാധകരുടെ ആശങ്ക.
ഫൈനലില്‍ സമ്മര്‍ദമകറ്റാന്‍ ആദ്യം ബാറ്റ് ചെയ്തുകൂടെയെന്നാണ് ആരാധകരുടെ ചോദ്യം. 2017ല്‍ ഇന്ത്യന്‍ ബോളിങ്ങിനെ തകര്‍ത്തെറിഞ്ഞ ഫഖര്‍ സമാന്‍ ഇന്നും പാക് നിരയില്‍ ഓപ്പണറായുണ്ട്. പാക്കിസ്ഥാനെതിരെ കഴിഞ്ഞ കളിയില്‍ നിന്ന് മൂന്ന് മാറ്റവുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. കഴിഞ്ഞ കളിയില്‍ വിശ്രമമനുവദിച്ച പേസര്‍ ജസപ്രീത് ബുമ്രയും ശിവം ദുബെയും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. പാണ്ഡ്യയ്ക്ക് പകരം റിങ്കു സിങും കളത്തിലിറങ്ങി.