കേരള ക്രിക്കറ്റ് ലീഗില്‍ തകര്‍പ്പനടി തുടരുകയാണ് സഞ്ജു സാംസണ്‍. മധ്യനിരയിലേക്കിറങ്ങിയുള്ള പരീക്ഷണം പാളിയതോടെ ഓപ്പണിങിലാണ് സഞ്ജുവിന്‍റെ ശ്രദ്ധ. ഏഷ്യാകപ്പിന് മുന്നോടിയായി മികച്ച ഫോം കണ്ടെത്തുകയാണ് കെസിഎല്ലിലൂടെ സഞ്ജു. എന്നാല്‍ ഈ പ്രകടനം കൊണ്ട് സഞ്ജുവിന് ഏഷ്യാകപ്പ് പ്ലേയിങ് ഇലവന്‍ ഉറപ്പിക്കാകുമോ എന്നാണ് ചോദ്യം.
കഴിഞ്ഞ 12 മാസമായി ട്വന്‍റി20 ടീമില്‍ സഞ്ജുവാണ് വിക്കറ്റ്കീപ്പറായി കളിക്കുന്നത്. ഗില്‍ ടീമിലേക്ക് എത്തിയതോടെ ഓപ്പണിങില്‍ സഞ്ജു മല്‍സരം നേരിടുന്നുണ്ട്. ഗില്‍ ഓപ്പണിങ് സ്വന്തമാക്കിയാല്‍ സഞ്ജു മധ്യനിരയിലേക്ക് പോകേണ്ടി വരും. മധ്യനിരയില്‍ സഞ്ജുവിന്‍റെ പ്രകടനം മോശമാണെന്നതാണ് പ്രതികൂലം. 15 അംഗ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ കൂടാതെ ജിതേഷ് ശര്‍മയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിട്ടുള്ളത്.
എന്നാല്‍ വിക്കറ്റ് കീപ്പര്‍മാരുടെ മല്‍സരത്തില്‍ സഞ്ജു സാംസണിനെ നിര്‍ദ്ദേശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഓപ്പണറായോ ആദ്യ മൂന്ന് ബാറ്റിങ് സ്ഥാനങ്ങളിലോ സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. അതിനാല്‍ സഞ്ജു ടീമിലേക്ക് പരിഗണിക്കപ്പെടും എന്ന് പറയുകയാണ് ആകാശ്ചോപ്ര.
നിലവില്‍ ട്വന്‍റി20 ടീമിന്‍റെ ഭാഗമായ സഞ്ജു കഴിഞ്ഞ 12 മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ചറികൾ നേടിയിട്ടുണ്ട്. അതിനാല്‍ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാനായി ആദ്യം പരിഗണിക്കുന്നയാള്‍ സഞ്ജുവായിരിക്കും. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ബാറ്റിങിന് ഇറങ്ങിയപ്പോള്‍ 140 ആണ് സഞ്ജുവിന്‍റെ സ്ട്രൈക്ക് റേറ്റ്. 33 ശരാശരിയുണ്ട്. ഇതെല്ലാം സഞ്ജുവിന് അനുകൂലമാണെന്ന് ചോപ്ര നിരീക്ഷിക്കുന്നു.