രോഹിത് ശര്‍മയെ ഏകദിന ലോകകപ്പ് കളിപ്പിക്കാതിരിക്കാന്‍ സംഘടിത ശ്രമം നടക്കുന്നെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെ വിമര്‍ശനം. ഇന്ത്യന്‍ താരങ്ങളുടെ കായികക്ഷമത ഉയര്‍ത്താനായി ബിസിസിഐ ബ്രോങ്കോ ടെസ്റ്റ് അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു ആരാധകരുടെ പ്രതിഷേധം. കഠിനമായ ഫിറ്റ്നെസ് ടെസ്റ്റ് രോഹിത്തിന് പാസാകാനാവില്ലെന്നായിരുന്നു കണക്കുകൂട്ടല്‍. മനോജ് തിവാരിയെപ്പോലുള്ള മുന്‍താരങ്ങളും വിമര്‍ശനമായെത്തി. ഒരുപടികൂടി കടന്ന തിവാരി രോഹിത്തിനെ പുറത്താക്കാനുള്ള ഗൗതം ഗംഭീറിന്‍റെ ശ്രമമാണെന്ന് പറഞ്ഞുവച്ചു.
എന്നാല്‍ സംശയങ്ങളെയെല്ലാം അതിര്‍ത്തികടത്തിയിരിക്കുകയാണ് ഹിറ്റ്മാന്‍. ബ്രോങ്കോ ടെസ്റ്റിനെത്തിയ രോഹിത് ശർമ പാസായെന്നു മാത്രമല്ല, മികച്ച പ്രകടനത്തിലൂടെ പരിശീലകരെ അമ്പരപ്പിച്ചെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. ആറ് മിനിറ്റിൽ പൂർത്തിയേക്കേണ്ട ടെസ്റ്റ് അഞ്ച് മിനിറ്റ് 20 സെക്കൻഡിനകം രോഹിത് പൂർത്തിയാക്കി. ബ്രോങ്കോ ടെസ്റ്റിന് പുറമെ യോ-യോ ടെസ്റ്റിലും 38കാരനായ താരം വിജയിച്ചു. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ശനി, ഞായർ ദിവസങ്ങളിലായി നടന്ന ഫിറ്റ്നസ് ടെസ്റ്റിൽ പങ്കെടുത്ത താരങ്ങളെല്ലാം പാസായെന്നാണ് റിപ്പോർട്ടുകളിൽനിന്ന് വ്യക്തമാകുന്നത്. യോ–യോ ടെസ്റ്റിനു പകരമാണ് താരങ്ങളുടെ ഫിറ്റ്നസ് പരീക്ഷിക്കുന്നതിനായി ബ്രോങ്കോ ടെസ്റ്റ് കൊണ്ടുവന്നത്.
ഒക്ടോബറിൽ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലാകും രോഹിത് ഇനി ഇന്ത്യൻ ജഴ്സിയിൽ ഇറങ്ങുക. ഇതിന് മുന്നോടിയായി ഇന്ത്യ എ മൂന്ന് ഏകദിന മത്സരങ്ങളിൽ ഓസ്ട്രേലിയ എ ടീമിനെ നേരിടും. ഇതിൽ താരം കളിക്കുമോ എന്ന കാര്യം വ്യക്തമല്ല. ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്ന് വിരമിച്ച ഹിറ്റ്മാൻ ചാംപ്യൻസ് ട്രോഫി ടൂർണമെന്‍റിലാണ് ഒടുവിൽ ഇന്ത്യയ്ക്കായി പാഡണിഞ്ഞത്.
റഗ്ബി പോലുള്ള കൂടുതൽ ശാരീരികക്ഷമത ആവശ്യമുള്ള കായിക ഇനങ്ങളിൽ വർഷങ്ങളായി ബ്രോങ്കോ ടെസ്റ്റ് ഉപയോഗിക്കുന്നുണ്ട്. സ്റ്റാർട്ടിങ് ലൈനിൽനിന്ന് 0,20,40,60 മീറ്ററുകളിൽ മാർക്കുകൾ വച്ച് താരങ്ങൾ ബേസ് ലൈനിൽനിന്ന് (പൂജ്യം) ഓരോ ഘട്ടങ്ങളിലേക്ക് ഓടി തിരികെയെത്തുന്നത് ടെസ്റ്റിന്റെ ഭാഗമാണ്. 60 മീറ്റർ ഘട്ടവും പൂർത്തിയാകുമ്പോൾ ഒരു സെറ്റാകും. ഇങ്ങനെ അഞ്ച് സെറ്റുകളിലായി 1,200 മീറ്ററാണ് താരങ്ങൾ പിന്നിടേണ്ടത്. അതിനു ശേഷമാണ് ഓരോ താരങ്ങള്‍ക്കും വേണ്ടി വന്ന സമയം പരിശോധിക്കുക. ബാറ്റർമാർ ഡബിൾ ഓടുമ്പോഴും, ബൗണ്ടറികൾ തടയുമ്പോഴുമെല്ലാം മെച്ചപ്പെട്ട പ്രകടനങ്ങൾ നടത്താനാണ് പുതിയ ഫിറ്റ്നസ് പരിശീലകനു കീഴിൽ ബ്രോങ്കോ ടെസ്റ്റ് അവതരിപ്പിച്ചത്.