മലയാളിയുണ്ടെങ്കില്‍ ലോകകിരീടവുമുണ്ടെന്ന പതിവ് ഇക്കുറി തെറ്റിയില്ലെന്ന് മാത്രമല്ല, വിഴിഞ്ഞം പവറിലാണ് ഇത്തവണത്തെ കിരീടധാരണം. ലോകകപ്പിലെ താരമായതിന് പിന്നിലെ രഹസ്യം മല്‍സരശേഷമാണ് സഞ്ജു സാംസണ്‍ വെളിപ്പെടുത്തിയത്. അദ്ദേഹത്തെപ്പോലെ ഒരാളുടെ മാർഗനിർദേശം ലഭിക്കുന്നതിലും വലുതായി മറ്റെന്താണ് വേണ്ടതെന്നും സഞ്ജു ചോദിക്കുന്നു.
ആദ്യമല്‍സരങ്ങളില്‍ കാഴ്ച്ചക്കാരനായവന്‍ ടൂര്‍ണമെന്റിനൊടുവില്‍ ലോകകപ്പിലെ താരമായി. 2024 ലോകകപ്പില്‍ ഒരു മല്‍സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ അവസരം ലഭിക്കാത്തവന്‍ ഇക്കുറി മടങ്ങുന്നത് ലോകകിരീടത്തിനൊപ്പം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായി.
നിർണായക ഘട്ടത്തിൽ കാഴ്ചവച്ച മിന്നുന്ന പ്രകടനത്തിനു പിന്നിൽ സച്ചിൻ തെൻഡുൽക്കറുമായുള്ള വലിയ സംഭാഷണങ്ങളാണെന്ന് സഞ്ജു. കഴിഞ്ഞ രണ്ടു മാസമായി ബാറ്റിങ് ഇതിഹാസവുമായി താൻ നിരന്തരം സംസാരിച്ചിരുന്നതായും സഞ്ജു മല്‍സരശേഷം വെളിപ്പെടുത്തി.
ഫൈനലില്‍ നേടിയ 89 റണ്‍സ് ലോകകപ്പ് ഫൈനലിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറുമായി. മൂന്നേ മൂന്ന് മല്‍സരങ്ങളിലെ പ്രകടനമാണ് സഞ്ജു സാംസനെ ടൂര്‍ണമെന്റിലെ താരമാക്കിയത്. അഫ്രീദിക്കും കോലിക്കും ശേഷം സെമിയിലും ഫൈനലിലും അര്‍ധസെഞ്ചുറി നേടുന്ന താരമായി സഞ്ജു. 5 മല്‍സരങ്ങളില്‍ നിന്ന് 80.25 ശരാശരിയില്‍ 321 റണ്‍സാണ് സഞ്ജു നേടിയത്.
ഇന്ത്യയ്ക്കായി ഇക്കുറി ഏറ്റവുമധികം സിക്സര്‍ നേടുന്ന താരവും സഞ്ജുവാണ്. 24 സിക്സര്‍ നേടിയപ്പോള്‍ ഒന്‍പത് മല്‍സരങ്ങള്‍ കളിച്ച ഇഷാന്‍ കിഷന്‍ 18 സിക്സറുമായി രണ്ടാം സ്ഥാനത്താണ്.