അർജന്റീന ഫുട്ബോൾ ഇതിഹാസ താരം ലയണൽ മെസി ഡിസംബറിൽ ഇന്ത്യയിലെത്തും. 'GOAT ടൂർ ഇന്ത്യ 2025' എന്ന പേരിൽ നടക്കുന്ന സന്ദർശനത്തിൽ കൊൽക്കത്ത, അഹമ്മദാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ മെസി എത്തുമെങ്കിലും കേരളത്തിൽ പരിപാടികളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. ഡിസംബർ 12 മുതൽ 15 വരെയാണ് മെസിയുടെ ഇന്ത്യൻ സന്ദർശനം.

കേരളത്തിൽ മെസിയെയും അർജന്റീന ടീമിനെയും എത്തിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് മെസി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ സന്ദർശിക്കാൻ എത്തുന്നത്.

സന്ദർശന പരിപാടികൾ:

  • ഡിസംബർ 12: വൈകുന്നേരം കൊൽക്കത്തയിൽ എത്തും.
  • ഡിസംബർ 13: കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മെസിയുടെ കൂറ്റൻ പ്രതിമയും ഛായാചിത്രവും അനാവരണം ചെയ്യും. മെസി സെലിബ്രിറ്റികളുമായി ഗോട്ട് കപ്പ് പ്രദർശന ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കും. സൗരവ് ഗാംഗുലി, ലിയാണ്ടർ പേസ്, ജോൺ എബ്രഹാം, ബൈച്ചുങ് ബൂട്ടിയ എന്നിവർ മെസിക്കൊപ്പം പന്തുതട്ടും. വൈകിട്ട് അഹമ്മദാബാദിൽ അദാനി ഫൗണ്ടേഷൻ നൽകുന്ന വിരുന്നിൽ പങ്കെടുക്കും.
  • ഡിസംബർ 14: മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന മത്സരത്തിൽ ഷാരൂഖ് ഖാനെ പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. സച്ചിൻ ടെണ്ടുൽക്കർ, എം.എസ്. ധോണി, രോഹിത് ശർമ എന്നിവരെയും ചടങ്ങിൽ പങ്കെടുപ്പിക്കാൻ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ആലോചിക്കുന്നുണ്ട്.
  • ഡിസംബർ 15: ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗിക വസതിയിലെത്തി സന്ദർശിക്കും. ഡൽഹിയിലെ ഫിറോസ് ഷാ കോട്‌ല മൈതാനത്ത് നടക്കുന്ന പൊതുചടങ്ങിൽ വിരാട് കോലി, ശുഭ്മാൻ ഗിൽ എന്നിവരെ എത്തിക്കാനും ക്രിക്കറ്റ് അസോസിയേഷൻ ശ്രമിക്കുന്നുണ്ട്.
ENGLISH SUMMARY:

Lionel Messi is scheduled to visit India in December. The football legend's four-day trip includes potential meetings in Kolkata, Ahmedabad, Mumbai, and Delhi, but excludes Kerala.