ഇന്ത്യന്‍ പരിശീലകനാകാന്‍ അപേക്ഷ സമര്‍പ്പിച്ച 170 പേരില്‍ ഒരാളുടെ പേരുകേട്ട് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ഞെട്ടി. ഇ മെയില്‍ അയച്ചത് സ്പാനിഷ് ഇതിഹാസം ചാവി ഹെര്‍ണാണ്ടസ്. ഇനി ആരെങ്കിലും പറ്റിക്കുന്നതാണോയെന്ന് സംശയം തീര്‍ക്കാന്‍ ഒന്നുകൂടി പരിശോധിച്ചു. തോന്നിയതുമല്ല... പറ്റിച്ചതുമല്ല.. പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചത് മുന്‍ ബാര്‍സിലോന പരിശീലകന്‍ ചാവി തന്നെ. പരിശീലകനെ തിരഞ്ഞെടുക്കുന്ന ടെക്നിക്കല്‍ കമ്മിറ്റിക്ക് മറിച്ചൊന്ന് ആലോചിക്കേണ്ടി വന്നില്ല. ചാവിയുടെ പേര് പരിഗണിക്കേണ്ടന്ന് തീരുമാനിച്ചു. ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു ചാവിയുടെ പ്രതിഫലം.
നിരവധി സ്പാനിഷ് പരിശീലകരുള്ള ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മല്‍സരങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്ന് ചാവി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഏഷ്യയില്‍ നിന്നാണ് ചാവിയുടെ കോച്ചിങ് കരിയറിന് തുടക്കം. ഖത്തര്‍ ക്ലബ് അല്‍ സാദില്‍ തുടങ്ങിയ ചാവി പിന്നീട് ബാര്‍സിലോന പരിശീലകനായി. ലാ ലീഗ ഉള്‍പ്പടെ രണ്ടുകിരീടങ്ങളിലേക്ക് ബാര്‍സയെ നിയച്ച ചാവിയെ ബാര്‍സ മാനേജ്മെന്റ് പുറത്താക്കുകയായിരുന്നു. ഒരു വർഷംകൂടി കരാർ ബാക്കിനിൽക്കെയാണ് ക്ലബ് മാനേജ്മെന്റ് ചാവിയെ പുറത്താക്കിയത്. ക്ലബ്ബിന്റെ സാമ്പത്തികാവസ്ഥയെ ചാവി പരസ്യമായി വിമർശിച്ചതാണ് ബാർസ മാനേജ്മെന്റിനെ ചൊടിപ്പിച്ചത്. 2010ല്‍ സ്പെയിന്‍ ലോകകപ്പ് നേടുമ്പോള്‍ സ്പാനിഷ് ടീമിലെ പ്രധാനതാരമായിരുന്നു ചാവി. രണ്ടുവട്ടം യൂറോ കപ്പും നേടിയിട്ടുണ്ട്.
പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചവരില്‍ നിന്ന് മൂന്നുപേരുടെ ചുരുക്കപ്പട്ടിക ഐഎം വിജയന്‍ അധ്യക്ഷനായ ടെക്നിക്കല്‍ കമ്മിറ്റിയാണ് തയ്യാറാക്കിയത്. മുൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ, ഐസ്വാള്‍ എഫ് സിയെ 2017ല്‍ ഐ ലീഗ് ചാംപ്യന്‍മാരാക്കിയ ഖാലിദ് ജമീല്‍, സ്ലൊവാക്യന്‍ പരിശീലകന്‍ സ്റ്റെഫാന്‍ ടാര്‍കോവിച്ച് എന്നിവരാണ് ചുരുക്കപ്പട്ടികയിലുള്ളത്. ഫിഫ റാങ്കിങ്ങില്‍ 133ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ 17 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം റാങ്കിങ്ങാണിത്. മനോലോ മാർക്കേസ് പരിശീലക സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ തലവനെ തേടേണ്ടിവന്നത്. സ്പെയിൻകാരനായ മാർക്കേസുമായി പരസ്പര ധാരണയോടെ കരാര്‍ അവസാനിപ്പിക്കുകയായിരുന്നു. ജൂൺ 10ന് നടന്ന എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ, റാങ്കിങ്ങിൽ പിന്നിലുള്ള ഹോങ്കോങ്ങിനോട് 1–0ന് ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെയാണ് മനോലോ മാർക്കേസ് പടിയിറങ്ങിയത്. ഒരു വർഷംകൂടി കരാറുണ്ടെങ്കിലും അൻപത്തിയാറുകാരനായ മാർക്കേസ് രാജിക്കു സന്നദ്ധത അറിയിക്കുകയായിരുന്നു. 2024 ജൂണിലാണ് 2 വർഷ കാലാവധിയിൽ മനോലോ മാർക്കേസിനെ ഇഗോർ സ്റ്റിമാച്ചിന്റെ പിൻഗാമിയായി നിയമിച്ചത്. ഐഎസ്എലിൽ എഫ്‌സി ഗോവയുടെ മുഖ്യ പരിശീലകനായ മാർക്കേസ് 2 ചുമതലകളും ഒന്നിച്ചു വഹിച്ചു. ഈ വർഷം ഗോവൻ ടീം വിട്ട് ഇന്ത്യൻ ടീമിന്റെ മാത്രം പരിശീലകനാവേണ്ടതായിരുന്നു. എന്നാൽ അതിനു മുൻപ്, തന്റെ കീഴിൽ ആകെ കളിച്ച 8 മത്സരങ്ങളിൽ ഒന്നിൽ മാത്രം ജയിച്ച ഇന്ത്യൻ ടീമിന്റെ പരിശീലക ജോലി ഉപേക്ഷിക്കാൻ മാർക്കേസ് തീരുമാനിച്ചു.