ഗുകേഷില്‍ നിന്നേറ്റു വാങ്ങിയ തോല്‍വിയുടെ ക്ഷീണം തീരും മുന്‍പേ ലോക ചെസ് ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന്‍ ഇന്ത്യന്‍ ചെസ് വിസ്മയമായ ആര്‍.പ്രഗ്നാനന്ദയോടും തോറ്റു. ലാസ് വെഗാസില്‍ നടക്കുന്ന ഫ്രീ സ്റ്റൈല്‍ ചെസ് ഗ്രാന്സ്ലാം ടൂറിലാണ് കാള്‍സന്‍ പരാജയപ്പെട്ടത്. കളിയുടെ നാലാം റൗണ്ടില്‍ 39 നീക്കങ്ങള്‍ക്കൊടുവിലാണ് പ്രഗ്നാനന്ദ വിജയം കണ്ടത്.
Image Credit: x.com/praful_patel
വെള്ളക്കരുക്കളുമായി മല്‍സരത്തിനിറങ്ങിയ പ്രഗ്നാനന്ദ തുടക്കം മുതല്‍ ഒടുക്കം വരെ ആധിപത്യം നിലനിര്‍ത്തി. 93.9 ശതമാനം കൃത്യതയോടെയായിരുന്നു ഇന്ത്യയുടെ അഭിമാനമായ പത്തൊന്‍പതുകാരന്‍റെ നീക്കം. കാള്‍സന് 84.9 ശതമാനം കൃത്യത മാത്രമാണ് പുലര്‍ത്താനായത്. നിലവിലെ ജയത്തോടെ എല്ലാ ഫോര്‍മാറ്റുകളിലും (ക്ലാസിക്കല്‍, റാപിഡ്, ബ്ലിറ്റ്സ്) മാഗ്നസ് കാള്‍സനെ തോല്‍പ്പിച്ച താരമായി പ്രഗ്നാനന്ദ മാറി.
വൈറ്റ് ഗ്രൂപ്പില്‍ നാലര പോയിന്‍റാണ് പ്രഗ്നാനന്ദയ്ക്കുള്ളത്. അബ്ദുസത്രോവിനോട് സമനില, ബിബിസറയോടും വിന്‍സന്‍റ് കെയ്മറോടും ജയം എന്നിവയാണ് ഇതിന് പുറമെയുള്ള പ്രഗ്നാനന്ദയുടെ ജയങ്ങള്‍. പാരിസിലും കാള്‍ഷ്രൂഹിലും നടന്ന ഗ്രാന്സ്ലാമുകളില് ജയിച്ച കാള്‍സന്‍ തന്നെയാണ് നിലവില്‍ ലോക ടൂറില്‍ മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ ലാസ് വെഗാസിലേറ്റ തിരിച്ചടിയോടെ കിരീടപ്പോരില്‍ നിന്നും താരം പുറത്തായി. മൂന്നാം സ്ഥാനത്താകും കാള്‍സന്‍ ഇനിയെത്തുക. രണ്ട് ജയത്തോടെയാണ് കാള്‍സന്‍ തന്‍റെ ദിവസം തുടങ്ങിയതെങ്കിലും ആദ്യം പ്രഗ്നാനന്ദയോടും പിന്നാലെ വെസ്ലിയോടും തോറ്റു. രണ്ട് പേരോട് സമനിലയും വഴങ്ങി.
ബ്ലാക്ക് ഗ്രൂപ്പില്‍ ഏഴില്‍ ആറു പോയിന്‍റും നേടി ഹികാരു നകാമുറയാണ് മുന്നില്‍. ഹാന്‍സ് നീമാന്‍, ഫാബിയാനോ, അര്‍ജുന്‍എരിഗൈസി എന്നിവര്‍ പിന്നാലെയുണ്ട്. റൗണ്ട് റോബിന്‍ ഘട്ടം പൂര്‍ത്തിയായതിന് പിന്നാലെ ഇരു ഗ്രൂപ്പുകളിലെയും ആദ്യ നാലുതാരങ്ങള്‍ അപ്പര്‍ നോക്കൗട്ടിലേക്ക് കടക്കും. ഗ്രൂപ്പിലെ എല്ലാ താരങ്ങളും പരസ്പരം ഒരു തവണയെങ്കിലും കളിക്കുന്ന ഘട്ടമാണ് റൗണ്ട് റോബിന്‍. ഇന്നാണ് സെമി ഫൈനല്‍ മല്‍സരങ്ങള്‍ക്ക് തുടക്കമാവുക. ചാംപ്യന് 200,000 ഡോളറാണ് സമ്മാനത്തുകയായി ലഭിക്കുക.