ക്യാപ്റ്റനായുള്ള അരങ്ങേറ്റം ഇംഗ്ലീഷ് മണ്ണില്‍ ആസ്വദിക്കുകയാണ് ശുഭ്മന്‍ ഗില്‍. ലോര്‍ഡ്സിൽ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം പുതിയ റെക്കോര്‍ഡും ഗിൽ സ്വന്തം പേരിൽ കുറിച്ചു. ഇംഗ്ലീഷ് മണ്ണിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോഡാണ് സ്വന്തമാക്കിയത്. 23 വർഷം പഴക്കമുള്ള വന്മതില്‍ രാഹുൽ ദ്രാവിഡിന്റെ റെക്കോര്‍ഡാണ് ഗിൽ പഴങ്കഥയാക്കിയത്. 2002ൽ ഇംഗ്ലണ്ട് പര്യടനത്തിൽ ദ്രാവിഡ് നേടിയ 602 റൺസ് എന്ന റെക്കോര്‍ഡാണ് തിരുത്തിയത്. മൂന്ന് ടെസ്റ്റുകളിൽ നിന്ന് ഒരു ഇരട്ട സെഞ്ചറിയുടെയും രണ്ട് സെഞ്ചറിയുടെ കരുത്തിൽ 607 റൺസാണ് ഗിൽ നേടിയത്. 2018ൽ വിരാട് കോലി ഇംഗ്ലണ്ടിൽ നേടിയ 593 റൺസാണ് മൂന്നാം സ്ഥാനത്ത്.
പരമ്പരയില്‍ രണ്ട് മത്സരങ്ങൾ ബാക്കിനില്‍ക്കെ ശുഭ്മൻ ഗില്ലിനെ കാത്തിരിക്കുന്നത് നിരവധി റെക്കോര്‍ഡുകളാണ്. ഒരു ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ബാറ്റര്‍ നേടുന്ന ഏറ്റവും ഉയർന്ന സ്കോറിലേക്ക് വെറും 167 റൺസ് ദൂരമാണുള്ളത്. 1971ൽ സുനിൽ ഗവാസ്കർ വെസ്റ്റിൻഡീസിനെതിരെ നേടിയ 774 റൺസാണ് നിലവിലെ റെക്കോര്‍ഡ്. 974 റൺസ് നേടിയ ഇതിഹാസതാരം ബ്രാഡ്മാന്റെ പേരിലാണ് ലോക റെക്കോഡ്. 1930ൽ ഇംഗ്ലണ്ടിനെതിരെയാണ് ബ്രാഡ്മാന്റെ പ്രകടനം.
അതേസമയം ലോര്‍ഡ്സില്‍ 193 റണ്‍സ് പിന്തുടരുന്ന ഇന്ത്യ നാല് വിക്കറ്റിന് 58 റണ്‍സ് എന്ന നിലയില്‍ നാലാം ദിവസത്തെ കളി അവസാനിപ്പിച്ചു. ആറു വിക്കറ്റും ഒരു ദിവസത്തെ കളിയും ബാക്കിനിൽക്കെ ഇന്ത്യയ്‌ക്ക് വിജയത്തിലേക്ക് വേണ്ടത് 135 റൺസ്. 33 റൺസുമായി ഓപ്പണർ കെ.എൽ. രാഹുൽ ക്രീസിലുള്ളതാണ് ഇന്ത്യയുടെ ഏക ആശ്വാസം. ഒന്നാം ഇന്നിങ്സില്‍ രാഹുല്‍ സെഞ്ചറി നേടിയിരുന്നു. ഋഷഭ് പന്ത്, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ എന്നിവർ ഇറങ്ങാനുമുണ്ട്. ഓപ്പണർ യശസ്വി ജയ്സ്വാൾ (0), കരുൺ നായർ (14), ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (6), നൈറ്റ് വാച്ച്മാനായി സ്ഥാനക്കയറ്റം നൽകി അയച്ച ആകാശ്ദീപ് (1) എന്നിവരാണ് പുറത്തായ ഇന്ത്യൻ ബാറ്റർമാർ. ഇംഗ്ലണ്ടിനായി ബ്രൈഡൻ കാര്‍സ് രണ്ടു വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.